മക്കാബി ഹൈഫക്കെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലയണൽ മെസിയുടെ മികച്ച പ്രകടനം പിഎസ്ജിക്ക് വിജയം സമ്മാനിച്ചിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസി സീസണിൽ താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മത്സരത്തിൽ വിജയം നേടിയതോടെ ഈ സീസണിൽ ഒരു കളിയിൽ പോലും തോൽവി അറിഞ്ഞിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും പിഎസ്ജിക്ക് കഴിഞ്ഞു. മുന്നേറ്റനിര താരങ്ങളുടെ തകർപ്പൻ ഫോമാണ് സീസണിൽ പിഎസ്ജിയുടെ പ്രധാന ശക്തി.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ കരിയറിലെ ഏറ്റവും മികച്ച അപരാജിത കുതിപ്പിലാണ് ലയണൽ മെസിയുള്ളത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിലാണ് ലയണൽ മെസി കളിച്ച ടീം അവസാനമായി തോൽവി വഴങ്ങിയത്. അതിനു ശേഷം പിഎസ്ജി, അർജന്റീന ടീമുകൾക്കായി 31 മത്സരങ്ങൾ മെസി കളിച്ചതിൽ ഒരെണ്ണത്തിൽ പോലും ഈ ടീമുകൾ തോൽവി വഴങ്ങിയിട്ടില്ല. പിഎസ്ജിയുടെ പ്രീ സീസൺ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മെസിയുടെ അപരാജിത കുതിപ്പ് 35 മത്സരങ്ങളായി വർധിക്കും.
ഈ മുപ്പത്തിയൊന്നു മത്സരങ്ങളിൽ ഇരുപത്തിയഞ്ചെണ്ണത്തിലും വിജയം നേടാൻ മെസി കളിച്ച ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ആറു മത്സരങ്ങളിൽ ടീം സമനിലയും വഴങ്ങി. ഇത്രയും മത്സരങ്ങളിൽ 25 ഗോളുകളും 18 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. ഇതിനു പുറമെ 17 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മെസി ഇത്രയും മത്സരങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. പിഎസ്ജിയുടെ പ്രീ സീസൺ മത്സരങ്ങൾ കൂടി കണക്കിലെടുത്താൽ മെസി നേടിയ വിജയങ്ങളുടെ എണ്ണം ഇരുപത്തിയൊമ്പതായി വർധിക്കും.
3️⃣1️⃣ – Leo Messi is now on the joint longest unbeaten run in his entire career.
— D7 (@MessiCIass30i) October 25, 2022
👕 31 games
⚽️ 25 goals
🎁 18 assists
✅ 25 wins
🤝 6 draws
❌ 0 defeats
👑 17 MOTM’s
📊 8.57 avg. rating pic.twitter.com/rvTvMfib2x
അർജന്റീന അപരാജിത കുതിപ്പുമായി ലോകകപ്പിനൊരുങ്ങുമ്പോഴാണ് ലയണൽ മെസിയും അപരാജിതരായി മുന്നോട്ടു പോകുന്നത്. 2019ലെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനൽ മുതൽ അപരാജിതരായി മുന്നോട്ടു പോകുന്ന അർജന്റീന ഇതുവരെ മുപ്പത്തിയഞ്ചു മത്സരങ്ങളാണ് തോൽവിയറിയാതെ പൂർത്തിയാക്കിയത്. ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കൂടി തോൽവിയറിയാതെ പൂർത്തിയാക്കിയാൽ ഏറ്റവുമധികം മത്സരങ്ങൾ അപരാജിതരായ ടീമെന്ന റെക്കോർഡ് അർജന്റീനക്ക് സ്വന്തമാകും. അതുവരെ തന്റെ വ്യക്തിപരമായ അപരാജിത കുതിപ്പും മെസിക്ക് നിലനിർത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.