പിഎസ്ജിയും ബെൻഫിക്കയും തമ്മിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്ക്വാഡ് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ പ്രഖ്യാപിച്ചപ്പോൾ സൂപ്പർതാരം ലയണൽ മെസി ടീമിൽ നിന്നും പുറത്ത്. പരിക്കു മൂലം ടീമിനൊപ്പം ഇതുവരെയും പരിശീലനം പുനരാരംഭിക്കാതിരിക്കുന്ന താരത്തെ ഇക്കാരണം കൊണ്ടു തന്നെയാണ് ഗാൾട്ടിയർ ടീം സ്ക്വാഡിൽ നിന്നും തഴഞ്ഞത്. അതേസമയം ടീമിലെ മറ്റു സൂപ്പർതാരങ്ങളായ നെയ്മർ, എംബാപ്പെ എന്നിവർ പോർച്ചുഗീസ് ക്ലബിനെതിരെയുള്ള മത്സരത്തിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.
ബെൻഫിക്കക്കെതിരായ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്നെയാണ് ലയണൽ മെസിക്ക് പരിക്കേറ്റത്. മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ നേടിയത് മെസിയായിരുന്നെങ്കിലും മുഴുവൻ സമയവും താരം കളത്തിലുണ്ടായിരുന്നില്ല. തന്നെ കളിക്കളത്തിൽ നിന്നും പിൻവലിക്കണമെന്ന് ഗാൾട്ടിയറോട് മെസി തന്നെയാണ് ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം കാഫ് ഇഞ്ചുറിയാണ് മെസിയെ അലട്ടുന്നത്. റീയിംസിനെതിരെ നടന്ന കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിലും താരം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.
ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിയില്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. റാമോസ് ചുവപ്പുകാർഡ് കണ്ടതു തിരിച്ചടി നൽകിയ കളിയിൽ രണ്ടു ടീമുകളും ഗോളൊന്നും നേടാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലുണ്ടാകാതിരുന്ന മെസി പരിശീലനം ആരംഭിക്കുമെന്നും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് തിരിച്ചെത്തുമെന്നുമാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അതും ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്.
Medical update ahead of #PSGSLB
— Paris Saint-Germain (@PSG_English) October 10, 2022
Nursing a calf niggle, Lionel Messi will not make the game against Benfica.@Aspetar
ഖത്തർ ലോകകപ്പിന് ആറാഴ്ചകൾ മാത്രം ബാക്കി നിൽക്കെ മെസിക്ക് പരിക്കേറ്റതും മത്സരങ്ങൾ നഷ്ടമാകുന്നതും ആരാധകർക്ക് വലിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകളെങ്കിലും കളിക്കളത്തിൽ തിരിച്ചെത്തിയാൽ മാത്രമേ ആരാധകർക്ക് ആശ്വാസമാവുകയുള്ളൂ. കഴിഞ്ഞ ദിവസം അർജന്റീനയുടെ മറ്റൊരു സൂപ്പർതാരമായ പൗളോ ഡിബാലക്ക് പരിക്കു പറ്റിയിരുന്നു. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ പിഎസ്ജിക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസി ഇതുവരെ എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അർജന്റീനക്കു വേണ്ടി രണ്ടു സൗഹൃദ മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും മെസി നേടി. മെസിയുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ലോകകപ്പിനു മുൻപ് പരിക്കിൽ നിന്നും പൂർണമായും വിമുക്തനാവാൻ വേണ്ടിയാണ് താരം മത്സരങ്ങൾ കളിക്കാതെ കൂടുതൽ വിശ്രമം സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പ് തന്നെയാണ് മെസിയുടെ പ്രധാന ലക്ഷ്യമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.