നിരവധി വർഷങ്ങൾ ബാഴ്സലോണയിൽ കളിച്ചതിനു ശേഷം പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് അവിടെ ചുവടുറപ്പിക്കാൻ കുറച്ചു സമയമെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മെസിയെപ്പോലൊരു താരത്തിൽ നിന്നും അതല്ല ആരാധകർ പ്രതീക്ഷിക്കുന്നത് എന്നതിനാൽ തന്നെ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടിയും വന്നു. എന്നാൽ ഈ സീസണിൽ കഴിഞ്ഞ സീസണിലെ കുറവു കൂടി നികത്തുന്ന പ്രകടനം നടത്തുന്ന ലയണൽ മെസി തന്റെ വിമർശകർക്കെല്ലാം മറുപടി നൽകുകയാണ്.
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബായ മക്കാബി ഹൈഫക്കെതിരെ ഒരു ഗോളിന് പിന്നിലായിപ്പോയ പിഎസ്ജിയെ തിരിച്ചു കൊണ്ടുവരാൻ സഹായിച്ചത് ലയണൽ മെസിയുടെ കാലുകളാണ്. മക്കാബി ഹൈഫ ഒരു ഗോളിന് മുന്നിലെത്തിയതിനു പിന്നാലെ ഗോൾ നേടി പിഎസ്ജിയെ ഒപ്പമെത്തിച്ച ലയണൽ മെസി അതിനു ശേഷം ടീമിനെ മുന്നിലെത്തിച്ച ഗോൾ നേടിയ എംബാപ്പെക്ക് അസിസ്റ്റും നൽകി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ പിഎസ്ജിക്കു വേണ്ടി ടീമിന്റെ മറ്റൊരു ഗോൾ കണ്ടെത്തിയത് ബ്രസീലിയൻ താരം നെയ്മറാണ്.
ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിൽ റൊണാൾഡോയെ മറികടന്ന് ഒറ്റക്ക് ഒന്നാമതെത്താനും ലയണൽ മെസിക്കായി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിലാക്കിയത്. നേരത്തെ മെസിയും റൊണാൾഡോയും ചാമ്പ്യൻസ് ലീഗിൽ 38 വ്യത്യസ്ത ടീമുകൾക്കെതിരെയാണ് ഗോൾ നേടിയിരുന്നത്. ഇസ്രായേലി ക്ലബിനെതിരെ ഗോൾ നേടിയതോടെ 39 വ്യത്യസ്ത ക്ലബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോളെന്നു നേട്ടമാണ് അർജന്റീന താരം തന്റെ പേരിലാക്കിയത്.
Lionel Messi passes Cristiano Ronaldo for most opponents scored against in the Champions League — 39 different teams.
— ESPN FC (@ESPNFC) September 14, 2022
🐐 things. pic.twitter.com/iD5BmnosfX
ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വ്യത്യസ്ത ക്ലബുകൾക്കെതിരെ ഗോൾ നേട്ടമെന്ന റെക്കോർഡിൽ മെസി ഒന്നാമതും ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതും നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്തുള്ളത് റയൽ മാഡ്രിഡ് താരം കരിം ബെൻസീമയാണ്. 34 വ്യത്യസ്ത ടീമുകൾക്കെതിരെയാണ് താരം ഗോൾ കണ്ടെത്തിയിട്ടുള്ളത്. 33 ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുള്ള റൗൾ നാലാമതും 31 ടീമുകൾക്കെതിരെ ഗോൾ നേടിയിട്ടുള്ള റോബർട്ട് ലെവൻഡോസ്കി അഞ്ചാമതും നിൽക്കുന്നു.
ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസി പത്ത് മത്സരങ്ങൾ പിഎസ്ജിക്കായി കളിച്ച് അഞ്ചു ഗോളും എട്ട് അസിസ്റ്റുമാണ് ഇതുവരെ സ്വന്തമാക്കിയത്. ഗോളുകൾ നേടുന്നതിലുപരി ഗോളടിപ്പിക്കുക എന്നതിലാണ് മെസി ഈ സീസണിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സീസൺ പുരോഗമിക്കുമ്പോൾ താരം നേടുന്ന ഗോളുകളുടെ എണ്ണവും വർധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.