എംഎൽഎസിലേക്കുള്ള ലയണൽ മെസിയുടെ വരവ് അമേരിക്ക ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. താരം വന്നതിനു ശേഷം ഇന്റർ മിയാമി തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കൻ ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറാൻ മെസിയുടെ വരവിനു ശേഷം ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ പ്രകടനം കാണാൻ ഓരോ മത്സരത്തിനും നിരവധി സെലിബ്രിറ്റികൾ എത്തുന്ന കാഴ്‌ചയും ആരാധകർ കണ്ടു കൊണ്ടിരിക്കുന്നുണ്ട്.
അതേസമയം ലയണൽ മെസിയുടെ വരവിൽ ചെറിയ വിവാദങ്ങളും ഉണ്ടാകുന്നുണ്ടായിരുന്നു. അമേരിക്കൻ ലീഗിലെ മത്സരങ്ങൾക്ക് ശേഷം ഓരോ താരങ്ങളും മാധ്യമങ്ങൾക്ക് അഭിമുഖം നൽകണമെന്നത് നിയമമാണ്. എന്നാൽ ലയണൽ മെസി ഒന്നിലധികം മത്സരങ്ങൾക്ക് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറായില്ല. ഇത് ലീഗിലെ നിയമങ്ങളോടുള്ള ലംഘനമാണെന്നും താരത്തിനെതിരെ നടപടി ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്‌തു.
Breaking records and breaking rules https://t.co/59vcIGm1Ws
— FootballJOE (@FootballJOE) September 4, 2023
എന്നാൽ അതിനു പിന്നാലെ എംഎൽഎസ് വക്താവ് പറഞ്ഞത് ലയണൽ മെസി യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്നായിരുന്നു. മത്സരങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കാണണമെന്നും പരിശീലനത്തിനു മുൻപ് പതിനഞ്ചു മിനുട്ട് കണ്ടന്റ് ക്രിയേഷൻ, അഭിമുഖം എന്നിവക്ക് നൽകണമെന്നും എംഎൽഎസിൽ നിയമമുണ്ടെന്നത് സത്യം തന്നെയാണ്. എന്നാൽ ലയണൽ മെസി എംഎൽഎസുമായും ഇന്റർ മിയാമിയുമായും ഒപ്പുവെച്ച വ്യക്തിപരമായ കരാർ പ്രകാരം താരത്തിന് ഈ നിയമങ്ങൾ ബാധകമാകില്ല.
മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്‌തമായ കരാറാണ് ലയണൽ മെസി എംഎൽഎസുമായി ഒപ്പു വെച്ചിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എന്തൊക്കെ ഉടമ്പടികളാണ് ഇതിലുള്ളതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്തായാലും അമേരിക്കയിലെ ജീവിതം ലയണൽ മെസിയും താരത്തിന്റെ വരവ് അമേരിക്കയും ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.
Messi Private Agreement To Bypass MLS Rule