ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലീപ്‌സിഗും തമ്മിലുള്ള മത്സരം ഇന്നലെ പൂർത്തിയായപ്പോൾ ഏർലിങ് ഹാലാൻഡാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ ടീമിന്റെ അഞ്ചു ഗോളുകളും നോർവീജിയൻ താരമാണ് നേടിയത്. ഇതോടെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ചു ഗോളുകളെന്ന നേട്ടം മെസി, ലൂയിസ് അഡ്രിയാനോ എന്നിവർക്കു ശേഷം സ്വന്തമാക്കിയ താരമായി ഹാലാൻഡ് മാറി.
ഇതിനു പുറമെ ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 39 ഗോളുകൾ നേടിയ താരം മാഞ്ചസ്റ്റർ സിറ്റിക്കായി ഒരു സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമായി മാറി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിലും ഏറ്റവും കുറഞ്ഞ പ്രായത്തിലും മുപ്പതു ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും ഹാലാൻഡ് സ്വന്തമാക്കിയിരുന്നു. 22 വയസും 236 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കിയ താരം അതിനു വേണ്ടി എടുത്തത് വെറും ഇരുപത്തിയഞ്ചു മത്സരങ്ങൾ മാത്രമാണ്.
🐐 🇦🇷 Lionel Messi remains the only player to score 5 non penalty goals in a UEFA Champions League knockout game.#Messi𓃵|#GOAT𓃵|#ChampionsLeague pic.twitter.com/xAged9soxF
— FIFA World Cup Stats (@alimo_philip) March 14, 2023
എന്നാൽ ഈ നേട്ടത്തിലും ലയണൽ മെസിയുടെ ഒരു റെക്കോർഡിനെ തൊടാൻ ഹാലൻഡിനായില്ല. പെനാൽറ്റി ഗോളുകൾ ഇല്ലാതെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് ഗോളുകളെന്ന റെക്കോർഡാണ് ഇപ്പോഴും ലയണൽ മെസിയുടെ പേരിലുള്ളത്. അഞ്ചു ഗോളുകൾ നേടിയ മറ്റു രണ്ടു താരങ്ങളായ ലൂയിസ് അഡ്രിയാനോയും ഏർലിങ് ഹാലൻഡും അവരുടെ ആദ്യഗോളുകൾ നേടിയത് പെനാൽറ്റിയിലൂടെ ആയിരുന്നു. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ ഹാലാൻഡിന് ഇനിയും അവസരമുണ്ട്.
ജർമൻ ക്ലബായ ബയേർ ലെവർകൂസനെതിരെയാണ് ലയണൽ മെസി ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോൾ നേടുന്നത്. 2012 മാർച്ചിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു. അതിനു ശേഷവും ലയണൽ മെസി ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന അന്തരാരാഷ്ട്ര സൗഹൃദമത്സരത്തിൽ അർജന്റീന ടീമിന് വേണ്ടി എസ്റ്റോണിയക്കെതിരെ നടന്ന മത്സരത്തിലാണ് താരം അഞ്ചു ഗോൾ നേടിയത്.