ആരാധകരുടെ വളരെ നാളത്തെ ആഗ്രഹം സഫലമാക്കിയാണ് ഖത്തർ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയത്. മുപ്പത്തിയാറു വർഷത്തിനു ശേഷമായിരുന്നു അർജന്റീനയുടെ ലോകകപ്പ് നേട്ടം. ആദ്യത്തെ മത്സരത്തിൽ അപ്രതീക്ഷിച്ച തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിലും പൊരുതിയാണ് അർജന്റീന ഫൈനലിൽ എത്തിയതും ടൂർണമെന്റ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായ ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയതും.
നായകൻ ലയണൽ മെസിയാണ് അർജന്റീനയുടെ കിരീടനേട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ചത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനം നടത്തിയ താരം ലോകകപ്പ് നേടിയതോടെ തന്റെ കരിയറിന് പൂർണത കൈവരിക്കുകയും ചെയ്‌തു. ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ അപൂർവം ചില താരങ്ങളിലൊരാളായി ഇതോടെ ലയണൽ മെസി മാറി.
സംഭവബഹുലമായ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്. ലോകകപ്പ് വിജയത്തിലേക്ക് നയിച്ച അവസാനത്തെ കിക്കെടുത്തത് അർജന്റീനിയൻ ഫുൾ ബാക്കായ ഗോൺസാലോ മോണ്ടിയാൽ ആയിരുന്നു. ആ കിക്കെടുക്കുന്നതിനു മുൻപ് ലയണൽ മെസി പറഞ്ഞ വാക്കുകളാണ് ഇപ്പോൽ പുറത്തു വന്നിരിക്കുന്നത്. സഹതാരങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന മെസി “ആ ദിവസം ഇന്നാണ് മുത്തശ്ശീ” എന്നാണു മോണ്ടിയാൽ കിക്കെടുക്കാൻ പോകുമ്പോൾ പറഞ്ഞത്.
With the last dream left for him to achieve, as Montiel approached for the ultimate penalty, Leo Messi remembered the woman who introduced him to the beautiful game.
— Sara 🦋 (@SaraFCBi) January 17, 2023
“It could be today, Grandma” 🫶🏻🙏🏻
pic.twitter.com/0sAK3Xwea6
ലയണൽ മെസിയുടെ ബാല്യത്തിൽ നിർണായസ്വാധീനം ചെലുത്തിയ വ്യക്തിയാണ് മുത്തശ്ശിയായ സെലിയ ഒലിവേര കുക്കിട്ടിനി. 1998ലാണ് ഇവർ മരണപ്പെടുന്നത്. ലയണൽ മെസി ഗോളുകൾ അടിച്ചതിനു ശേഷം ആകാശത്തേക്ക് കൈകൾ ഉയർത്തുന്നത് തന്റെ മുത്തശ്ശിക്കുള്ള സമർപ്പണം കൂടിയാണ്. ഓരോ ഗോളും മുത്തശ്ശിക്ക് സമർപ്പിക്കുന്ന ലയണൽ മെസി ലോകകപ്പ് കിരീടം നേടുന്നതിനു തൊട്ടു മുൻപും മുത്തശ്ശിയെ തന്നെയാണ് ഓർത്തത്.
നാല് തവണ ലോകകപ്പ് നേടാൻ ശ്രമിച്ച് പരാജയപ്പെട്ട മെസി തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്ന് കരുതിയ ഖത്തറിലാണ് കിരീടം സ്വന്തമാക്കിയത്. 2006, 2010 വർഷങ്ങളിൽ ടീം ക്വാർട്ടർ ഫൈനൽ വരെ മാത്രമേ മുന്നേറിയുള്ളൂ. 2014ൽ ഫൈനലിൽ ജർമനിയോട് മെസിയുടെ അർജന്റീന കീഴടങ്ങി. കഴിഞ്ഞ തവണ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു പുറത്തായ ടീം അവരെ തോൽപ്പിച്ച് തന്നെയാണ് ഇത്തവണ കിരീടം നേടിയത്.