ഖത്തർ ലോകകപ്പിനിടെ മെസിയുടെ ഭാവിയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമായ ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണോടെ ഫ്രഞ്ച് ക്ലബായ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാനുള്ള സാധ്യതയില്ല. പകരം ക്ലബ് വിടാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ യൂറോപ്പിലെ ഒരു ക്ലബിലേക്കും ചേക്കാറാനല്ല, മറിച്ച് അമേരിക്കൻ ലീഗിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് പോകാനാണ് ലയണൽ മെസി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി ഇന്റർ മിയാമിയുമായി കരാർ ഒപ്പിടും. ഇതോടെ അമേരിക്കൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമുയർന്ന വേതനം വാങ്ങുന്ന താരമായി മെസി മാറും. എന്നാൽ താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് വ്യക്തമല്ല. ബാഴ്സലോണ നായകനും മെസിയുടെ മുൻ സഹതാരവുമായി സെർജിയോ ബുസ്ക്വറ്റ്സും മെസിക്കൊപ്പം ഇന്റർ മിയാമിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇതിനെ നിഷേധിച്ചും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ട്സ്, പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനോ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരം മെസി കരാറിൽ എത്തിയിട്ടില്ല. താരം പിഎസ്ജി കരാർ പുതുക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ലോകകപ്പിന് ശേഷമാകും മെസിയുടെ തീരുമാനം വരുന്നത്.