മെസി, റൊണാൾഡോ: പന്ത്രണ്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പങ്കിട്ട ഫുട്ബോൾ ലോകത്തിന്റെ മാണിക്യങ്ങൾ

ഏതാനും മണിക്കൂറുകൾക്കുള്ളിൽ 2022 വർഷത്തെ ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടുകയും റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ നിർണായക പങ്കു വഹിക്കുകയും ചെയ്‌ത ഫ്രഞ്ച് മുന്നേറ്റനിര താരം കരിം ബെൻസിമ ഇത്തവണ ബാലൺ ഡി ഓർ നേടുമെന്ന കാര്യം ഏറെക്കുറെ തീർച്ചയായിട്ടുണ്ട്. ബെൻസിമ ഇത്തവണ ബാലൺ ഡി ഓർ നേടുന്നതോടെ 1998ൽ സിദാൻ നേടിയതിനു ശേഷം ആദ്യമായി ഈ പുരസ്‌കാരം നേടുന്ന ഫ്രഞ്ച് താരമായി മാറും.

സമകാലീന ഫുട്ബോളിൽ ബാലൺ ഡി ഓർ എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ വരിക രണ്ടു താരങ്ങളുടെ പേരുകളാണ്. അർജന്റീന നായകൻ ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. കഴിഞ്ഞ വർഷം വരെ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലൺ ഡി ഓറിൽ ആധിപത്യം സ്ഥാപിച്ച ഈ രണ്ടു താരങ്ങൾ പന്ത്രണ്ടു ബാലൺ ഡി ഓറുകളാണ് നേടിയത്. ലയണൽ മെസിയുടെ പേരിൽ ഏഴും ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചു ബാലൺ ഡി ഓറുമാണ് നേടിയിട്ടുള്ളത്.

2008 മുതൽ 2017 വരെയുള്ള പത്തു വർഷമാണ് ഈ താരങ്ങൾ ഏറ്റവുമധികം ആധിപത്യം ബാലൺ ഡി ഓറിൽ സ്ഥാപിച്ചത്. മറ്റുള്ള സൂപ്പർതാരങ്ങളെ നിഷ്പ്രഭമാക്കി അക്കാലയളവിലെ എല്ലാ അവാർഡുകളും ഇവർ സ്വന്തമാക്കി. ഇതിൽ ഒൻപതു തവണയും ഈ രണ്ടു താരങ്ങളിൽ ഒരാളാണ് രണ്ടാം സ്ഥാനത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധിക്കെപ്പെടേണ്ട കാര്യമാണ്. റൊണാൾഡോയാണ് കരിയറിൽ ഏറ്റവും തവണ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത്. പോർച്ചുഗൽ താരം ആറു വട്ടം ബാലൺ ഡി ഓറിൽ രണ്ടാം സ്ഥാനത്തു വന്നപ്പോൾ മെസി അഞ്ചു തവണ രണ്ടാമതായി.

ബാലൺ ഡി ഓറിൽ മെസിക്കും റൊണാൾഡോക്കുമുള്ള അപ്രമാദിത്വം അവിടെയും അവസാനിക്കുന്നില്ല. ചരിത്രത്തിൽ തന്നെ പത്ത് താരങ്ങൾ മാത്രമാണ് രണ്ടു ബാലൺ ഡി ഓർ നേടിയിരിക്കുന്നത്. മൂന്നു ബാലൺ ഡി ഓർ നേടിയ അഞ്ചു താരങ്ങൾ മാത്രമുള്ളപ്പോൾ മൂന്നിലധികം തവണ പുരസ്‌കാരം നേടിയ താരങ്ങൾ മെസിയും റൊണാൾഡോയും മാത്രമാണ്. അതിൽ തന്നെ ഏഴു ബാലൺ ഡി ഓർ നേടിയ മെസിയുടെ റെക്കോർഡ് മറ്റേതെങ്കിലും താരത്തിന് മറികടക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.

ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ ഇവർക്കുള്ള ആധിപത്യം മറ്റൊന്നു കൂടി തെളിയിക്കുന്നു. ഇവർ രണ്ടു പേരും തങ്ങളുടെ ഫോം നിലനിർത്തി എത്ര കാലം ഫുട്ബോൾ ലോകത്തിന്റെ ഉന്നതികളിൽ തുടർന്നുവെന്നത്. ചിലപ്പോൾ ചരിത്രത്തിൽ തന്നെ മറ്റൊരു കളിക്കാരനും ഈ രണ്ടു താരങ്ങളെപ്പോലെ ഇത്രയും ദീർഘകാലം തങ്ങളുടെ ഫോം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് ഇത്രയധികം ആരാധകർ ഇരുവർക്കുമുണ്ടായത്.

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരച്ചടങ്ങിന്റെ വേദിയിൽ മറ്റു താരങ്ങളാണ് മിന്നിത്തിളങ്ങാന് പോകുന്നതെങ്കിലും മെസിയുടെയും റൊണാൾഡോയുടെയും കാലം കഴിഞ്ഞുവെന്ന് ഒരിക്കലും കരുതാനാവില്ല. മുപ്പത്തിയഞ്ചിലും മുപ്പത്തിയേഴിലും നിൽക്കുന്ന ഈ രണ്ടു താരങ്ങൾ ഇപ്പോഴും കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്ക് വിരുന്നേകാനും അത്ഭുതങ്ങൾ സൃഷ്‌ടിക്കാനും ഇരുവർക്കും വീണ്ടും കഴിയട്ടെയെന്ന് പ്രത്യാശിക്കാം.

Ballon D'orCristiano RonaldoKarim BenzemaLionel Messi
Comments (0)
Add Comment