ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്ന കാര്യത്തിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് നേടി. മെസിയെ സംബന്ധിച്ച് തന്റെ കരിയറിന് പൂർണത നൽകുന്നതു കൂടിയായിരുന്നു ലോകകപ്പ് വിജയം. ഇനി കരിയറിൽ നേടാൻ പ്രധാന കിരീടങ്ങളൊന്നും ബാക്കിയില്ലാതെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസി മാറി.
ലയണൽ മെസിയുടെ ലോകകപ്പ് നേട്ടം ലോകം ആഘോഷിച്ച സംഭവമാണ്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ലയണൽ മെസിയും അർജന്റീനയും നിറഞ്ഞു നിന്നു. അതേസമയം ആ സമയത്ത് ഇൻസ്റ്റഗ്രാം തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നാണ് ലയണൽ മെസി പറയുന്നത്. ലോകകപ്പിനു ശേഷം വിജയത്തിൽ തനിക്ക് അഭിനന്ദനം നൽകി ലോകത്തിന്റെ നാനാഭാഗത്തു നിന്നും വന്ന സന്ദേശങ്ങളാണ് ഇതിനു കാരണമായതെന്നാണ് മെസി പറയുന്നത്.
“ലോകകപ്പ് വിജയത്തിനു ശേഷം എന്റെ വാട്സ്ആപ്പ് പൊട്ടിത്തെറിച്ചതു പോലെയാണ്. ആദ്യം എന്റെ കുടുംബത്തിനാണ് ഞാൻ സന്ദേശം അയച്ചത്, അതിനു ശേഷം ഒരുപാട് ദിവസം മെസേജുകൾക്ക് മറുപടി നൽകുക തന്നെയായിരുന്നു പണി. ഇൻസ്റ്റാഗ്രാമിൽ എനിക്കൊരു മില്യൺ സന്ദേശങ്ങൾ വന്നിരിക്കും. അവരെന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.” മെസി പറഞ്ഞു.
Messi got blocked from Instagram because he was receiving too many messages after winning the World Cup 😅🏆 pic.twitter.com/WULlPayn3w
— ESPN FC (@ESPNFC) January 30, 2023
കൂടുതൽ മെസേജുകൾ സ്വീകരിച്ചതിന്റെ ഭാഗമായാണ് മെസിയെ ഇൻസ്റ്റാഗ്രാം ലോകകപ്പിനു ശേഷം ബ്ലോക്ക് ചെയ്തത്. ഖത്തർ ലോകകപ്പിനു ശേഷം ഇൻസ്റ്റാഗ്രാമിൽ മെസി ആദ്യം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. 75 മില്യൺ ആളുകളാണ് ആ ചിത്രം ലൈക്ക് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലൈക്കുകളെന്ന റെക്കോർഡാണ് നേടിയത്.