ഇനിയൊരു ലോകകപ്പിനില്ല, ഖത്തർ ലോകകപ്പ് ഫൈനൽ അവസാനത്തേതെന്ന് ലയണൽ മെസി

ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാകുമെന്ന് അർജന്റീന നായകൻ ലയണൽ മെസി. ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തെറിഞ്ഞു ഫൈനലിലേക്ക് മുന്നേറിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിനു ശേഷമാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഈ ഫൈനലിൽ കളിച്ച് ലോകകപ്പിലെ എന്റെ യാത്ര അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു അഭിമാനമാകും. ആവേശകരമായ അനുഭവമാണ് എനിക്കിപ്പോഴുള്ളത്. തീർച്ചയായും ഞായറാഴ്‌ചത്തെ മത്സരം ലോകകപ്പിൽ എന്റെ അവസാനത്തേതാകും. അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങൾ ബാക്കിയുള്ളതിനാൽ എനിക്കവിടെ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ ഏറ്റവും മികച്ച രീതിയിൽ ഇതവസാനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.” മെസി പറഞ്ഞു.

“എല്ലാ മത്സരവും ഞാൻ ആസ്വദിച്ചു, എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ വലിയ ത്യാഗങ്ങൾ സഹിച്ചു. കഴിഞ്ഞ മത്സരം അധികസമയത്തേക്ക് നീണ്ടത് ഒട്ടും എളുപ്പമായിരുന്നില്ല. ഞങ്ങൾ ക്ഷീണിതനായിരുന്നു, എന്നാൽ ടീമിന്റെ ആവേശം ഞങ്ങൾക്ക് കൂടുതൽ കരുത്തു നൽകി. ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് ഈ മത്സരം കളിച്ചത്. ഇതാണ് ലക്ഷ്യത്തിലെക്ക് എത്താനുള്ള പ്രധാനപ്പെട്ട മത്സരമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.” മെസി കൂട്ടിച്ചേർത്തു.

മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് ജൂലിയൻ അൽവാരസ് ആയിരുന്നെങ്കിലും മെസിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലത്തെ മത്സരത്തോടെ ലോകകപ്പിൽ ഗോളിന്റെയും അസിസ്റ്റിന്റെയും എണ്ണത്തിൽ ഒന്നാം സ്ഥാനത്തു വരാൻ മെസിക്ക് കഴിഞ്ഞു. അഞ്ചു ഗോളും മൂന്ന് അസിസ്റ്റുമാണ് താരം ഇതുവരെ ലോകകപ്പിൽ സ്വന്തമാക്കിയത്.

ArgentinaLionel MessiQatar World CupWorld Cup
Comments (0)
Add Comment