ഇഞ്ചുറി ടൈമിൽ മിന്നൽ ഫ്രീ കിക്ക് ഗോളുമായി മെസി, അമേരിക്കയിലെ അരങ്ങേറ്റം അതിഗംഭീരം | Messi

പ്രൊഫെഷനൽ കരിയറിൽ ക്ലബ് തലത്തിൽ യൂറോപ്പിൽ മാത്രം കളിച്ചിട്ടുള്ള മെസിയുടെ അമേരിക്കൻ ലീഗിലുള്ള അരങ്ങേറ്റം കാത്തിരുന്ന ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ അർജന്റീന താരം ഇന്റർ മിയാമിക്ക് വേണ്ടി ഉജ്ജ്വലമായ പ്രകടനം നടത്തുകയും ഇഞ്ചുറി ടൈമിൽ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളോടെ ടീമിന് വിജയം നേടിക്കൊടുക്കുകയും ചെയ്‌തു.

പുതിയ സൈനിംഗുകളായ ലയണൽ മെസി, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നിവരെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ടാറ്റ മാർട്ടിനോ ടീമിനെ ഇറക്കിയത്. ക്രൂസ് അസൂലിനു മത്സരത്തിൽ ചെറിയ മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും നാൽപത്തിനാലാം മിനുട്ടിൽ ടെയ്‌ലർ നേടിയ ഗോളിൽ ഇന്റർ മിയാമിയാണ് മുന്നിലെത്തിയത്. ആ ഗോളിന്റെ ലീഡിലാണ് ആദ്യപകുതി അവസാനിച്ചതും.

രണ്ടാം പകുതി ആരംഭിച്ച് പത്തു മിനുട്ടിനു ശേഷമാണ് ലയണൽ മെസി കളത്തിലിറങ്ങിയത്. അതിനു പിന്നാലെ അറുപത്തിയഞ്ചാം മിനുട്ടിൽ ആണ്ടുനയുടെ ഗോളിൽ ക്രൂസ് അസൂൽ സമനില നേടിയെടുത്തു. അതിനു ശേഷം ക്രൂസ് അസൂലിനു മികച്ച ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല. ഇന്റർ മിയാമി ഗോൾകീപ്പറുടെ തകർപ്പൻ സേവുകൾ അവരെ രക്ഷിക്കുകയും ചെയ്‌തു.

കളത്തിലിറങ്ങിയതിനു ശേഷം ലയണൽ മെസിയിലൂടെയാണ് ഇന്റർ മിയാമിയുടെ നീക്കങ്ങൾ എല്ലാം വന്നത്. തന്റെ പ്രതിഭ ഓരോ നീക്കത്തിലും പ്രദർശിപ്പിച്ച താരം നിരവധി കീ പാസുകൾ നൽകുകയുണ്ടായി. എന്നാൽ അവയൊന്നും ഗോളിലേക്ക് വഴി തുറക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ മറ്റു താരങ്ങൾക്ക് കഴിഞ്ഞില്ല. ഒത്തിണക്കം പൂർണമായും ഇല്ലാത്തതിന്റെ കുഴപ്പങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇഞ്ചുറി ടൈമിൽ ആരാധകർ കാത്തിരുന്ന നിമിഷം വന്നു. ബോക്‌സിന് പുറത്ത് തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് എടുത്ത മെസി ക്രൂസ് അസൂൽ ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് അത് വലയിലേക്ക് എത്തിച്ചത്. ഇതോടെ ഇന്റർ മിയാമിയിൽ തന്റെ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കാനും ടീമിന് വിജയം നേടിക്കൊടുക്കാനും മെസിക്ക് കഴിഞ്ഞു.

Messi Scored Freekick Goal In Inter Miami Debut

Inter MiamiLionel MessiMLS
Comments (0)
Add Comment