ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം തുടർച്ചയായി എട്ടു മത്സരങ്ങൾ കളിച്ച ലയണൽ മെസി അതിൽ എട്ടെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ടീമിനെ സഹായിച്ചിരുന്നു. ഈ മത്സരങ്ങളിൽ നിന്നും ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകിയ ലയണൽ മെസി യുഎസ് ഓപ്പൺ കപ്പ് ടൂർണമെന്റിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്‌തു. അതിനെല്ലാറ്റിനും ശേഷം ലയണൽ മെസി എംഎൽഎസ് അരങ്ങേറ്റം കുറിച്ചത് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലായിരുന്നു.
ന്യൂയോർക്ക് റെഡ്‌ബുൾസിനെതിരെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലെ മത്സരത്തിൽ അരങ്ങേറ്റം നടത്തിയത്. എന്നാൽ തുടർച്ചയായ മത്സരങ്ങൾ കളിച്ച താരത്തിനു വിശ്രമം നൽകുന്നതിനായി ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ പകരക്കാരനായാണ് ഇറക്കിയത്. അവസാനത്തെ അര മണിക്കൂർ കളിക്കളത്തിലിറങ്ങിയ മെസി എംഎൽഎസിലെ തന്റെ അരങ്ങേറ്റത്തിലും ഗോൾ കണ്ടെത്തുകയുണ്ടായി. എൺപത്തിയൊൻപതാം മിനുട്ടിലായിരുന്നു ലയണൽ മെസിയുടെ ഗോൾ പിറന്നത്.
LIONEL MESSI, THE PASS, THE GOAL!pic.twitter.com/u9hGXkZzoG
— Roy Nemer (@RoyNemer) August 27, 2023
മെസിയുടെ ഗോൾ അതിമനോഹരമായിരുന്നു. ജോർദി ആൽബയുടെ ഒരു ഹെഡർ പാസ് ബോക്‌സിനുള്ളിൽ സ്വീകരിച്ച താരം തന്നെ വളഞ്ഞ ആറോളം ന്യൂയോർക്ക് റെഡ്‌ബുൾസ് താരങ്ങളെ ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് മറികടന്നത്. മെസിയുടെ ബോഡി ഫെയിന്റുകളിൽ അന്തം വിട്ട് എതിരാളികൾ നിൽക്കെ താരം ക്രേമാഷിക്ക് പന്ത് നൽകുകയും അത് തിരിച്ച് സ്വീകരിച്ച് അനായാസം ഗോൾകീപ്പറെ കീഴടക്കുകയുമായിരുന്നു. ഒരിക്കൽക്കൂടി തന്റെ മികവ് എത്രത്തോളമുണ്ടെന്ന് കാണിക്കാൻ മെസിക്ക് കഴിഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ലയണൽ മെസിയും സെർജിയോ ബുസ്‌ക്വറ്റ്‌സും ആദ്യ ഇലവനിൽ ഇല്ലാതിരുന്ന മത്സരത്തിൽ ഇന്റർ മിയാമിയുടെ ആദ്യത്തെ ഗോൾ നേടിയത് ഡീഗോ ഗോമസാണ്. മത്സരത്തിൽ വിജയം നേടിയതോടെ എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാനസ്ഥാനത്തു കിടന്നിരുന്ന ഇന്റർ മിയാമി ഒരു സ്ഥാനം മുകളിലേക്ക് കയറിയിട്ടുണ്ട്. നിലവിൽ പതിനാലാം സ്ഥാനത്തുള്ള അവർക്ക് പ്ലേ ഓഫ് യോഗ്യത നേടുകയാണ് ലക്‌ഷ്യം.
Messi Scored Goal In MLS Debut