ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരത്തെ ഒന്നുമല്ലാതാക്കിയ നീക്കം, മെസിയെ വാഴ്ത്തി ഫുട്ബോൾ ലോകം

ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ വരെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരമായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ. എന്നാൽ സെമി ഫൈനൽ മത്സരം കഴിഞ്ഞതോടെ ഗ്വാർഡിയോളിനെ നിലത്തിറക്കിയിരിക്കയാണ് അർജന്റീനിയൻ നായകൻ ലയണൽ മെസി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനുട്ടിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളിന് മെസി അസിസ്റ്റ് നൽകിയത് ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫെൻഡറെ മുട്ടു കുത്തിച്ചായിരുന്നു.

മൈതാനത്തിന്റെ വലതു പാർശ്വത്തിൽ നിന്നും ലയണൽ മെസി പന്തുമായുള്ള നീക്കം തുടങ്ങുമ്പോൾ തന്നെ ഗ്വാർഡിയോൾ ഒപ്പമുണ്ടായിരുന്നു. ഇരുപതുകാരനായ താരം മെസിയെ വിടാതെ പിടിച്ചെങ്കിലും ഇടക്ക് സ്റ്റോപ്പ് ചെയ്‌തും പിന്നീട് മുന്നോട്ട് കുതിച്ചും മെസിയുടെ സ്വാഭാവികമായ ബോഡി ഫെയിന്റുകൾ ഉപയോഗിച്ചും ടേനുകൾ എടുത്തും ബൈ ലൈനിന്റെ അടുത്തെത്തിയ ശേഷം അൽവാരസിനു തകർപ്പനൊരു പാസ്. മാഞ്ചസ്റ്റർ സിറ്റി താരത്തിന് അതൊന്നു വലയിലേക്ക് തട്ടിയിടുക മാത്രമേ വേണ്ടി വന്നുള്ളൂ.

മുപ്പത്തിയഞ്ചുകാരനായ, കളിക്കളത്തിലെ വേഗതക്ക് കുറവു വന്ന മെസിയാണ് ഗ്വാർഡിയോളിനെ പോലൊരു യുവതാരത്തെ നിഷ്പ്രഭമാക്കിയത്. പ്രായം കൂടിയാലും ഡിഫെൻഡർമാരെ വട്ടം കറക്കി നിഷ്പ്രഭനാക്കാനുള്ള തന്റെ സ്‌കില്ലിന്റെ മൊഞ്ചിനു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മെസി തെളിയിച്ചു. ഈ ലോകകപ്പിൽ ഗോളിലേക്ക് വഴി തുറന്ന ഏറ്റവും മികച്ച നീക്കമായിരുന്നു അതെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ആദ്യ ഗോൾ പെനാൽറ്റിയിലൂടെ നേടിയ മെസി മൂന്നാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടു ഗോളുകൾ നേടിയത്. ഫൈനലിലേക്ക് മുന്നേറിയ അർജന്റീന മൊറോക്കോയും ഫ്രാൻസും തമ്മിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയിയെയാണ് നേരിടുക.

ArgentinaCroatiaJosko GvardiolLionel MessiQatar World Cup
Comments (0)
Add Comment