കളിച്ചത് നാല് മത്സരങ്ങൾ, ഇന്റർ മിയാമിയുടെ ടോപ് സ്കോററായി ലയണൽ മെസി | Messi

ഇന്റർ മിയാമിയിൽ ലയണൽ മെസി മിന്നുന്ന പ്രകടനം തുടരുകയാണ്. ക്രൂസ് അസൂലിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിലും ഇരട്ടഗോളുകൾ നേടാനും ലയണൽ മെസിക്ക് കഴിഞ്ഞു. ഈ മത്സരങ്ങളിലെല്ലാം ഇന്റർ മിയാമി വിജയം നേടുകയും ചെയ്‌തു.

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നാല് മത്സരങ്ങൾ കളിച്ച ലയണൽ മെസി ഏഴു ഗോളും ഒരു അസിസ്റ്റുമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഇത്ര കുറച്ചു മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ ഇന്റർ മിയാമിയുടെ ടോപ് സ്കോററായി ലയണൽ മെസി മാറിയിട്ടുണ്ട്. 2023ൽ ഇന്റർ മിയാമിക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ വെനസ്വലൻ താരം ജോസഫ് മാർട്ടിനസിനൊപ്പമാണ് ലയണൽ മെസി നിൽക്കുന്നത്.

അതിനു പുറമെ ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും ലയണൽ മെസിക്ക് കഴിഞ്ഞു. 29 ഗോളുകളുമായി മുൻ അർജന്റീന താരം ഹിഗ്വയ്ൻ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പട്ടികയിൽ ജോസഫ് മാർട്ടിനസ്, ലൂയിസ് മോർഗൻ, റോഡോൾഫോ പിസാറോ എന്നിവർക്കൊപ്പമാണ് മെസിയുള്ളത്. പതിനാറും എട്ടും ഗോളുകൾ നേടിയ ലിയോ കാമ്പാന, റോബർട്ട് ടെയ്‌ലർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.

2018ൽ രൂപീകൃതമായ ഇന്റർ മിയാമി 2020 മുതലാണ് അമേരിക്കൻ ലീഗിൽ കളിച്ചു തുടങ്ങിയത്. ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന് ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ലയണൽ മെസി എത്തിയതിനു ശേഷം തുടർച്ചയായി നാല് വിജയങ്ങൾ നേടിയ ക്ലബ് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട്. മെസി ടീമിന് ആദ്യത്തെ കിരീടം സമ്മാനിക്കുമ്പോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Messi Top Scorer Of Inter Miami

Inter MiamiLionel Messi
Comments (0)
Add Comment