ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ ഒരു പ്രത്യേകത വളരെ മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കളിക്കളത്തിൽ ഗംഭീര പ്രകടനം നടത്തുന്ന ലയണൽ മെസി മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മൈതാനത്ത് അലസമായി നടക്കുകയാണ് ചെയ്യാറുള്ളത്. നടന്നു കൊണ്ട് തന്നെ കളിക്കളം ഭരിക്കാനുള്ള ലയണൽ മെസിയുടെ കഴിവ് ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് തന്നെ ആരാധകർ ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മറ്റുള്ള താരങ്ങളുടെ പൊസിഷനിംഗ് നന്നായി ശ്രദ്ധിക്കാനും തനിക്ക് മുന്നേറാനുള്ള ഇടങ്ങൾ കൃത്യമായി കണ്ടെത്താനുമുള്ള ലയണൽ മെസിയുടെ ഈ പതിഞ്ഞ നടത്തം ഇന്റർ മിയാമിയുടെ കഴിഞ്ഞ മത്സരത്തിലും കാണുകയുണ്ടായി. നാഷ്‌വില്ലേ എഫ്‌സിക്കെതിരെ നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ മത്സരത്തിൽ ലയണൽ മെസി നേടിയ ഗോളിന്റെ വീഡിയോ ഒരു ആരാധകൻ എടുത്തതിലാണ് ഈ നടത്തവും പന്ത് കാലിലെത്തുമ്പോൾ താരത്തിലുണ്ടാകുന്ന മാറ്റവും കൃത്യമായി മനസിലാകുന്നത്.
“Lionel Messi is always walking” pic.twitter.com/MEYG3haAPM
— FIKKKŚ☢️🦍 (@Fikayofmars) August 21, 2023
വീഡിയോയുടെ തുടക്കത്തിൽ ലയണൽ മെസി പതിഞ്ഞ താളത്തിൽ മൈതാനത്തിലൂടെ നടക്കുകയാണ്. അതിനിടയിൽ പല ഭാഗത്തും താരം നിന്ന് മൈതാനത്തെ കൃത്യമായി വീക്ഷിക്കുന്നുമുണ്ട്. അതിനു ശേഷം തന്റെ ടീമിലെ താരത്തിന് പന്ത് ലഭിക്കുന്ന സമയത്ത് മെസി ഓടുന്നതും തനിക്ക് പന്ത് നൽകാൻ സഹതാരത്തോട് പറയുന്നതും വീഡിയോയിൽ കാണാം. പന്ത് കാലിൽ കിട്ടിയതും എതിർടീമിലെ രണ്ടു താരങ്ങളെ വെട്ടിച്ച് മനോഹരമായ ഷോട്ടിലൂടെ അത് താരം വലയിലെത്തിക്കുകയും ചെയ്യും.
അതിമനോഹരമായ ഗോളാണ് ലയണൽ മെസി നാഷ്‌വില്ലേക്കെതിരെ നേടിയത്. മറ്റുള്ള സമയം മുഴുവൻ മൈതാനത്തിലൂടെ അലസമായി നടന്നാലും എവിടേക്ക് മുന്നേറണമെന്നും എവിടെ പന്ത് സ്വീകരിക്കണമെന്നും അതെങ്ങിനെ ഗോളവസരമാക്കി മാറ്റാമെന്നും മെസിക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്. പ്രായമേറി വരുന്നതിനനുസരിച്ച് തന്റെ കേളീശൈലിയിൽ മെസി വരുത്തിയ മാറ്റം കൂടിയാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
Messi Walked And Scored Goal Against Nashville