കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ മോശം ഫോം ഏറെ ചർച്ചയായ കാര്യമാണ്. അർജന്റീന ടീമിനെ മുന്നിൽ നിന്നും നയിക്കേണ്ട താരം പല മത്സരങ്ങളിലും ഉഴറിയിരുന്നു. ഇക്വഡോറിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് മെസി തീർത്തും നിറം മങ്ങിയത്. ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ വരെ പിന്നിട്ടപ്പോൾ ഒരു ഗോൾ പോലും അർജന്റീന നായകൻ നേടിയതുമില്ല.
പരിക്കാണ് ലയണൽ മെസിക്ക് പ്രധാനമായും തിരിച്ചടി നൽകിയത്. ചിലിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ താരം പെറുവിനെതിരെ കളിച്ചിരുന്നില്ല. അതിനു ശേഷം ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാതെ ഇക്വഡോറിനെതിരെ കളിച്ച മെസി മത്സരത്തിൽ ഒന്നും ചെയ്‌തില്ല. ഇതോടെ താരത്തെക്കുറിച്ച് ആരാധകർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.
🚨 Lionel Messi has been named as the Man of the Match! 🐐🇦🇷 pic.twitter.com/2F4cMyRUYN
— Roy Nemer (@RoyNemer) July 10, 2024
എന്നാൽ സെമി ഫൈനൽ ആയപ്പോഴേക്കും ലയണൽ മെസി പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത താരം ഇന്നലെ കളിക്കളത്തിൽ ഇറങ്ങിയപ്പോൾ അതിന്റെ മാറ്റം വ്യക്തമായിരുന്നു. അർജന്റീന ടീമിനെ മുന്നിൽ നിന്നു നയിച്ച താരം ടൂർണമെന്റിലെ ആദ്യത്തെ ഗോൾ നേടുകയും രണ്ടു കീ പാസുകൾ അടക്കം നൽകി മികച്ച പ്രകടനം നടത്തുകയും ചെയ്‌തു.
മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസി തന്നെയാണ്. അർജന്റീന ആരാധകരെ സംബന്ധിച്ച് പ്രതീക്ഷയാണ് മെസിയുടെ പ്രകടനം. ഫൈനൽ ആകുമ്പോഴേക്കും ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ മെസിക്ക് അവസരമുണ്ട്. നൂറു ശതമാനം ഫിറ്റ്‌നസോടെ കളിക്കാനിറങ്ങിയാൽ ഏറ്റവും മികച്ച പ്രകടനം മെസി കളിക്കളത്തിൽ നൽകുകയും ചെയ്‌തു.
ഫൈനലിൽ യുറുഗ്വായ്, കൊളംബിയ എന്നീ ടീമുകളിലൊന്നാണ് എതിരാളികളിലൊരാളായി വരിക. രണ്ടു ടീമുകളും അർജന്റീനക്ക് വലിയ ഭീഷണിയാണെന്നതിൽ സംശയമില്ല. മെസി തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയാൽ മാത്രമേ അവരെ മറികടക്കാൻ അർജന്റീനക്ക് കഴിയൂ. കാനഡക്കെതിരായ ഗോളും മാൻ ഓഫ് ദി മാച്ചും മെസിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.