സൂപ്പർതാരം ലയണൽ മെസിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടതിന്റെ പേരിൽ അർജന്റീനയിലെ മന്ത്രിയെ തൽസ്ഥാനത്തു നിന്നും പുറത്താക്കിയെന്നു റിപ്പോർട്ടുകൾ. അർജന്റീനയിലെ സ്പോർട്ട്സ് സഹമന്ത്രിയായ ജൂലിയോ ഗാരോക്കാണ് തന്റെ സ്ഥാനം നഷ്‌ടമായതെന്ന് ഔദ്യോഗികവൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം അർജന്റീന ടീമിലെ താരങ്ങൾ ടീം ബസിനുള്ളിൽ പാടിയ പാട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഫ്രഞ്ച് ടീമിലുള്ള ആഫ്രിക്കൻ താരങ്ങളെ. പ്രത്യേകിച്ച് എംബാപ്പയെ ഉന്നം വെച്ചുള്ളതായിരുന്നു പാട്ട്. അത് വംശീയമായ അധിക്ഷേപമാണെന്ന തരത്തിൽ ചർച്ചയാവുകയും അർജന്റീന ടീമിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടാവുകയും ചെയ്‌തു.
ഇതിനു പിന്നാലെയാണ് സംഭവത്തിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ നായകനെന്ന നിലയിൽ ലയണൽ മെസി പരസ്യമായി മാപ്പു പറയണമെന്ന് സ്പോർട്ട്സ് സഹമന്ത്രി ആവശ്യപ്പെട്ടത്. അതിനു പുറമെ അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ ക്ലോഡിയോ ടാപിയയും ക്ഷമാപണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഗാരോയുടെ ആവശ്യത്തിന് മന്ത്രിസഭയുടെ ഉള്ളിൽ നിന്നു തന്നെ വലിയ രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനം ഉണ്ടായത്. താൻ അത്തരമൊരു ആവശ്യം ഉന്നയിച്ചില്ലെന്ന് ഗാരോ അറിയിച്ചെങ്കിലും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
അതേസമയം അർജന്റീന ടീമിലെ അംഗങ്ങൾക്കെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ താരങ്ങൾക്കെതിരെ നടത്തിയ വംശീയമായ അധിക്ഷേപത്തെ തുടർന്നാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് നടപടി ഉണ്ടാവുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല.