ഖത്തർ ലോകകപ്പ് സമയത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്തു വരുന്നത്. എന്നാൽ ആ സമയത്ത് വെറും അഭ്യൂഹം മാത്രമായി എല്ലാവരും അതിനെ തള്ളിക്കളഞ്ഞു. റൊണാൾഡോയും അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ ജനുവരിയോടെ തുടക്കത്തിൽ തന്നെ റൊണാൾഡോ സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കുള്ള കരാറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബുമായി ഒപ്പിട്ടത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറി. എന്നാൽ റൊണാൾഡോയുടെ ഈ റെക്കോർഡ് ഉടനെ തന്നെ തകരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ താരമായ ലയണൽ മെസിയെ സൗദി അറേബ്യയിൽ തന്നെയുള്ള അൽ ഹിലാൽ ക്ലബ് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് ഇതിനു കാരണം.
റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയുടെ പിതാവായ യോർഗെ മെസി സൗദി അറേബിയയിലെ റിയാദിൽ എത്തിയിട്ടുണ്ട്. ലയണൽ മെസിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സൗദിയിൽ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് മുന്നൂറു മില്യൺ യൂറോയാണ് താരത്തിന് പ്രതിവർഷം പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റൊണാൾഡോയെക്കാൾ നൂറു മില്യൺ യൂറോ അധികമാണ് മെസിക്ക് നൽകുന്ന പ്രതിഫലം.
Lionel Messi’s father, Jorge, is reportedly in Riyadh amid rumors of interest from Al Hilal in the player. Local reports suggest the Argentine is in town for discussions with the Saudi Arabian side. https://t.co/9r94WwWTMk
— Sportskeeda Football (@skworldfootball) January 12, 2023
നിലവിൽ പിഎസ്ജി താരമായ ലയണൽ മെസി ഇതുവരെയും ക്ലബുമായി പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണ് താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് ശ്രമിക്കുന്നത്. നിലവിൽ അൽ ഹിലാൽ ക്ലബിന് ട്രാൻസ്ഫർ വിലക്ക് ലഭിച്ചതിനാൽ ഇപ്പോൾ മെസിയെ സ്വന്തമാക്കാൻ കഴിയില്ല. ഈ സീസണു ശേഷം സമ്മർ ട്രാൻസ്ഫർ ജാലകത്തിലോ, അതല്ലെങ്കിൽ വരും വർഷങ്ങളിലോ സ്വന്തമാക്കാൻ വേണ്ടിയുള്ള കരാറാവും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ടാവുക.
ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന ലയണൽ മെസി കളിച്ച പ്രധാന ടൂർണമെന്റുകളിലെല്ലാം കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. ഇനി നേടാൻ മെസിക്ക് യാതൊന്നും ബാക്കിയില്ല. അതുകൊണ്ടു തന്നെ ലയണൽ മെസി വമ്പൻ തുകയുടെ ഈ ഓഫർ പരിഗണിക്കില്ലെന്ന് തീർത്തു പറയാൻ കഴിയില്ല. നേരത്തെ റൊണാൾഡോയുടെ ഓഫർ നിസാരമായി തള്ളിക്കളഞ്ഞത് പിന്നീട് യാഥാർഥ്യമാകുന്നത് നമ്മൾ കണ്ടതാണ്.