മെസി കളിച്ചില്ലെങ്കിൽ കൂടുതൽ അപകടമാണ്, അർജന്റീനയിലെ എല്ലാ കളിക്കാരും മെസിയെക്കാൾ മികച്ചതാണെന്ന് മുൻ ചിലി താരം

ചിലിയും അർജന്റീനയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. നായകൻറെ അഭാവത്തിലും മികച്ച പ്രകടനമാണ് അർജന്റീന നടത്തിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ അർജന്റീനയുടെ പ്രകടനത്തെ ആരാധകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു.

ആ മത്സരത്തിന് മുന്നോടിയായി മുൻ ചിലി താരം മിഗ്വൽ ഏഞ്ചൽ നെയ്‌റ നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ ചർച്ചയായി മാറുന്നുണ്ട്. അർജന്റീന ടീമിനൊപ്പം ലയണൽ മെസിയിപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും കഴിഞ്ഞ ടൂർണമെന്റുകളിൽ മെസിയെ റഫറിമാർ വളരെയധികം സഹായിച്ചിട്ടുണ്ടെന്നുമാണ് മിഗ്വൽ ഏഞ്ചൽ നെയ്‌റ ദിവസങ്ങൾക്കു മുൻപ് പ്രതികരിച്ചത്.

“മെസി കളിക്കാതിരിക്കുന്നിടത്തോളം, മെസി ആദ്യ ഇലവനിൽ ഇല്ലാതിരിക്കുന്നിടത്തോളം ഞങ്ങൾക്ക് ഏറ്റവും മോശമായ കാര്യങ്ങളാണ് സംഭവിക്കുക. അങ്ങിനെയുള്ള അവസരങ്ങളിൽ മറ്റേതെങ്കിലും താരമാകും കളിക്കുക, അത് ആരാണെങ്കിലും അവർ ലയണൽ മെസിയെക്കാൾ മികച്ചതാണ്. താരത്തിന്റെ പ്രകടനം മോശമായെന്ന് കഴിഞ്ഞ കോപ്പ അമേരിക്കയിലും യോഗ്യത മത്സരങ്ങളിലും കണ്ടതാണ്.”

“അർജന്റീന ദേശീയ ടീമിനൊപ്പം മെസി യാതൊന്നും ചെയ്യുന്നില്ല. റഫറിമാർ ലയണൽ മെസിയെ വളരെയധികം സംരക്ഷിക്കുന്നു, അവർ താരത്തെ സഹായിക്കുന്നു. അതുപോലെ ഡീഗോ മറഡോണയെ സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.” ഒരു മാധ്യമത്തോട് സംസാരിക്കുമ്പോൾ മുൻ ചിലി താരം ലോകഫുട്ബോളിലെ സൂപ്പർതാരത്തിനെതിരെ വിമർശനം ഉന്നയിച്ചു.

പരിക്കിന്റെ പ്രശ്‌നങ്ങൾ ഒഴിയാത്തതിനെ തുടർന്നാണ് ലയണൽ മെസി അർജന്റീന ടീമിനൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇറങ്ങാതിരുന്നത്. താരത്തിന്റെ അഭാവത്തിലും അർജന്റീന ടീം മികച്ച പ്രകടനം നടത്തിയെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മെസി ടീമിന് നൽകുന്ന ആവേശവും ഊർജ്ജവും വളരെ വലുതാണെന്ന് അർജന്റീന ടീമിലെ ഓരോ താരങ്ങളുടെയും വാക്കുകളിൽ നിന്നും വ്യക്തമാണ്.

ArgentinaLionel MessiMiguel Niera
Comments (0)
Add Comment