മെസിയെ ഒഴിവാക്കിയതല്ല, താരവുമായി സംസാരിച്ചതിന് ശേഷമാണ് അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചതെന്ന് ലയണൽ സ്‌കലോണി

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അർജന്റീന ടീം ഇറങ്ങാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ചിലി, കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ നായകനായ ലയണൽ മെസി, ടീമിലെ മറ്റൊരു സൂപ്പർതാരമായ ഏഞ്ചൽ ഡി മരിയ എന്നിവരില്ല. ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ലയണൽ മെസി പരിക്കിന്റെ പിടിയിലായതാണ് ദേശീയ ടീമിൽ നിന്നും പുറത്തിരിക്കാൻ കാരണമായത്.

ലയണൽ മെസി ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ലയണൽ മെസിയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് പരിശീലകൻ സംസാരിക്കുകയുണ്ടായി. സ്‌ക്വാഡ് പ്രഖ്യാപനത്തിനു മുൻപ് താൻ മെസിയുമായി സംസാരിച്ചിരുന്നുവെന്നാണ് സ്‌കലോണി പറയുന്നത്.

“മെസിയുടെ അവസ്ഥ എന്താണെന്ന് അറിയുന്നതിനായി സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഞാൻ താരവുമായി സംസാരിച്ചിരുന്നു. താരം പരിശീലനം നടത്തുന്നതു പോലുമുണ്ടായിരുന്നില്ല, അതുകൊണ്ടു തന്നെ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്നത് വളരെ നേരത്തെയാകും. ഞാൻ മെച്ചപ്പെട്ടു വരുന്നുവെന്നാണ് താരം അതേക്കുറിച്ച് എന്നോട് പറഞ്ഞത്.”

“ടീമിനൊപ്പം കളിക്കുന്നതിനു കുറച്ചു സമയം കൂടി മാത്രം മതിയെന്നും താരം എന്നോട് പറഞ്ഞു. അടുത്ത മത്സരങ്ങൾ, അത് ഉടനെ തന്നെ വരാൻ പോകുന്നതാണ്. അതിൽ താരത്തെ ഉൾപ്പെടുത്തുന്നത് അടുത്ത ദിവസങ്ങളിൽ താരം കളിക്കുമോ എന്നതിനെ ആശ്രയിച്ചാണ്. അതായിരുന്നു ഞങ്ങൾ പ്രധാനമായും സംസാരിച്ചത്.” ലയണൽ സ്‌കലോണി പറഞ്ഞു.

കോപ്പ അമേരിക്ക ഫൈനലിന് ശേഷം ലയണൽ മെസി പിന്നീട് ഒരു മത്സരം പോലും കളിച്ചിട്ടില്ല. അർജന്റീന ടീമിനൊപ്പം ഇല്ലെങ്കിലും ലയണൽ മെസി ചിലിക്കെതിരായ മത്സരത്തിന് എത്തുമെന്നാണ് കരുതേണ്ടത്. മെസിയുടെ സഹതാരമായ ഏഞ്ചൽ ഡി മരിയ ദേശീയ ടീമിനോട് വിടപറയുന്ന വേളയിൽ താരവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

Lionel MessiLionel Scaloni
Comments (0)
Add Comment