കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി മൈക്കൽ സ്റ്റാറെയെ എത്തിച്ചപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഒരുപാട് വർഷങ്ങളുടെ പരിചയസമ്പത്തുള്ള സ്വീഡിഷ് പരിശീലകൻ ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിമറിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു.
സ്റ്റാറെ എത്തിയതിനു ശേഷം ടീം മെച്ചപ്പെട്ടെങ്കിലും ഫലങ്ങൾ അതിനെ സാധൂകരിക്കുന്നില്ല. വ്യക്തിപരമായ പിഴവുകളും റഫറിമാരുടെ പിഴവുകളും അർഹിച്ച ഫലങ്ങൾ ഇല്ലാതാക്കിയപ്പോൾ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്.
🥇🚨| BREAKING: Next two matches are crucial for Mikael Stahre's future in Kerala Blasters. @Shaiju_official #KBFC pic.twitter.com/7Gk0p3qvKh
— KBFC XTRA (@kbfcxtra) November 19, 2024
ടീമിന്റെ ഈ മോശം പ്രകടനം കാരണം സ്റ്റാറെയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമന്റേറ്ററായ ഷൈജു ദാമോദരൻ പറയുന്നത് പ്രകാരം അടുത്ത രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൈക്കൽ സ്റ്റാറെയെ ക്ലബ് പുറത്താക്കും.
ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകളാണ് അടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പോയിന്റ് ടേബിളിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്ന ഈ ടീമുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് ശക്തമായ എതിരാളികൾ തന്നെയാണ്.
അടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയുള്ളത് പ്രധാന താരങ്ങളെല്ലാം ലഭ്യമാകും എന്നതാണ്. അതിനു പുറമെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്താണ് നടക്കുന്നത് എന്നതിനാൽ തന്നെ വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്.