കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകനും ആരാധകരുടെ പ്രിയങ്കരനുമായ ഇവാൻ വുകോമനോവിച്ചിനെ പ്രശംസിച്ച് പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ. ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് സ്റ്റാറെയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ലൈവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള ശ്രമങ്ങൾ സ്റ്റാറെയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന്റെ മുഴുവൻ മാച്ച് ഹൈലറ്റ്‌സും താൻ കണ്ടുവെന്നും ടീമിന്റെ പ്രകടനം വിലയിരുത്തിയെന്നും അദ്ദേഹം ലൈവിൽ സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു.
Mikael Stahre 🗣️ “I watched full match highlights of knockout match against Odisha FC.” #KBFC
— KBFC XTRA (@kbfcxtra) June 14, 2024
Mikael Stahre 🗣️ “Frankly speaking previous coach was doing really good in Kerala Blasters” #KBFC
— KBFC XTRA (@kbfcxtra) June 14, 2024
ഇവാൻ വുകോമനോവിച്ചിനെക്കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആത്മാർത്ഥമായി പറഞ്ഞാൽ പഴയ പരിശീലകൻ വളരെ മികച്ച രീതിയിലാണ് ടീമിനെ കളിപ്പിച്ചതെന്നാണ് സ്റ്റാറെ അഭിപ്രായപ്പെട്ടത്. മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്ക് നയിച്ച ഇവാന്റെ മികവിനെ പുതിയ പരിശീലകനും അംഗീകരിക്കുകയാണ്.
സ്റ്റാറെയെ സംബന്ധിച്ച് ഇവാനേക്കാൾ മികച്ച പ്രകടനത്തിലേക്ക് ടീമിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം മുന്നിലുണ്ട്. ഇവാൻ ടീം വിടണമെന്ന് ആരാധകർ ആഗ്രഹിച്ചിട്ടില്ല എന്നതിനാൽ തന്നെ പുതിയ പരിശീലകന്റെ ചുവട് ഒന്ന് പിഴച്ചാൽ ആരാധകർ വിമർശനം നടത്തും. ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് അത് നൽകുകയെന്ന ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
സ്വീഡിഷ് പരിശീലകൻ ജൂലൈയിലാണ് ടീമിനൊപ്പം ചേരുക. തായ്‌ലൻഡിൽ വെച്ച് നടക്കുന്ന പ്രീ സീസൺ ക്യാംപിൽ അദ്ദേഹമേത്തി ടീമിനെ പരിശീലിപ്പിക്കാൻ തുടങ്ങും. നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള സ്റ്റാറെക്കൊപ്പം മികച്ച സഹപരിശീലകരുമുണ്ടെന്നത് കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു.