ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ഒരു മത്സരം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ ബാക്കിയുള്ളത്. സീസണിന്റെ രണ്ടാം പകുതിയിൽ കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീമിന് പ്രതിസന്ധികളിൽ വലയുന്ന ഹൈദരാബാദ് എഫ്‌സിയെയാണ് നേരിടാനുള്ളത്. അതിനു ശേഷം പ്ലേ ഓഫ് മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുണ്ട്.
നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് മത്സരങ്ങളിൽ യാതൊരു സാധ്യതയും ആരാധകർ കണക്കാക്കുന്നില്ല. പ്രധാന താരങ്ങളുടെ പരിക്കും അതിനു പകരമെത്തിയ താരങ്ങൾ ടീമുമായി ഒത്തിണങ്ങി വരാത്തതുമെല്ലാം അതിനു കാരണമാണ്. എങ്കിലും ഏതാനും താരങ്ങൾ പരിക്ക് മാറി തിരിച്ചു വരുന്നത് ചെറിയൊരു പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ടീമിന്റെ വിദേശതാരം മീലൊസ് ഡ്രിൻസിച്ച് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ നൽകിയത്. പ്ലേ ഓഫ് മത്സരങ്ങളിലാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും പറഞ്ഞ താരം ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലും പിന്തുണ നൽകിയ ആരാധകർക്ക് നന്ദിയും പറഞ്ഞു.
നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനായി ഇറങ്ങിയത് മിലോസ് ആയിരുന്നു. ഇന്ത്യൻ താരങ്ങളെ കൂടുതൽ വിന്യസിച്ച് ഇവാനാശാൻ ഇറക്കിയ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന നിമിഷങ്ങളിലെ തളർച്ച മുതലെടുത്ത് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മത്സരത്തിൽ വിജയം നേടി.
പ്ലേ ഓഫ് മത്സരങ്ങൾ വരുന്നത് കണക്കാക്കി ടീമിലെ താരങ്ങൾക്ക് ഇവാനാശാൻ കൃത്യമായ വിശ്രമം നൽകുന്നുണ്ട്. ഹൈദെരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിലുള്ള പല താരങ്ങളും ഉണ്ടായേക്കില്ല. മതിയായ വിശ്രമം ലഭിക്കുന്ന താരങ്ങൾ ഏറ്റവും മികച്ച പ്രകടനം പ്ലേ ഓഫിൽ പുറത്തെടുത്താൽ ഒരു അട്ടിമറി നടത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നതിൽ സംശയമില്ല.
Milos Drincic Message To Kerala Blasters Fans