ഏഷ്യൻ കപ്പിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തു പോകുന്നതിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിൽ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്ന ഇന്ത്യ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ നിരവധി പിഴവുകൾ വരുത്തിയതാണ് രണ്ടാം തോൽവിക്കു കാരണമായത്.
തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയെങ്കിലും സാങ്കേതികമായി ഇന്ത്യൻ ടീം മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്വയം വരുത്തിയ പിഴവുകളും ചില പ്രധാന താരങ്ങളുടെ അഭാവവുമാണ് ഇന്ത്യയെ വളരെയധികം ബാധിച്ചത്. അതിനിടയിൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ചില നിർദ്ദേശങ്ങൾ ജാപ്പനീസ് പരിശീലകൻ നൽകുകയുണ്ടായി.
Hajime Moriyasu, Japan head coach’s advice for Indian Football? 🗣️ : “India has a big population. So, if it emphasises more towards developing grassroots, the base is there, if more people can work at grassroots level with players of younger age, then the football population will… pic.twitter.com/w6m3GsVptz
— 90ndstoppage (@90ndstoppage) January 17, 2024
“ജനസംഖ്യയിൽ വളരെ മുന്നിലാണ് ഇന്ത്യ. അതിനാൽ അവിടെ താഴെക്കിടയിലുള്ള വികസനമാണ് നടക്കേണ്ടത്. കഴിവുള്ള വ്യക്തികൾ അവിടെയുണ്ടാകും, ചെറിയ പ്രായത്തിൽ തന്നെ കഴിവുള്ള കുട്ടികൾക്കൊപ്പം അടിത്തട്ടിൽ ജോലി ചെയ്യാൻ കൂടുതൽ പേരുണ്ടെങ്കിൽ ഫുട്ബോൾ പോപ്പുലേഷൻ വർധിക്കുകയും ചെറിയ പ്രായത്തിലുള്ളവരിൽ ഫുട്ബോൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.” ഹാജിമേ മോറിയാസു പറഞ്ഞു.
ഇന്ത്യയെ അപേക്ഷിച്ച് ജനസംഖ്യ വളരെ കുറവുള്ള രാജ്യമായ ജപ്പാൻ ഫുട്ബോളിൽ വലിയ രീതിയിലുള്ള വളർച്ചയാണ് വളരെ കുറച്ചു വർഷങ്ങൾ കൊണ്ടുണ്ടാക്കിയത്. നിലവിൽ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമായി അവർ മാറിയത് അടിത്തട്ടിൽ നിന്നു തന്നെ മികച്ച പ്രതിഭകളെ കണ്ടെത്തി മികച്ച രീതിയിൽ പരിശീലനം നടത്തിയതു കൊണ്ടാണ്.
ജപ്പാനെപ്പോലെ ഫുടബോളിൽ ഉയർച്ചയുണ്ടാക്കാൻ ഇന്ത്യക്കും കഴിയുമെന്ന് മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സൺ വെങ്ങർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അതിനു കൃത്യമായ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. നിലവിൽ ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് കൂടുതൽ ക്രിയാത്മകമാക്കേണ്ടത് അത്യാവശ്യമാണ്.
Moriyasu Advice To Develop Indian Football