കഴിഞ്ഞ ദിവസം നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ മൗറീന്യോ പരിശീലകനായ റോമ വിജയം നേടിയിരുന്നു. ജെനോവക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീനിയൻ താരം പൗളോ ഡിബാല നേടിയ ഒരേയൊരു ഗോളിലാണ് റോമ വിജയം നേടിയത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ താരം അറുപത്തിനാലാം മിനുട്ടിൽ നേടിയ ഗോളിൽ വിജയം നേടിയതോടെ മൗറീന്യോയുടെ ടീം ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു. നാപ്പോളിയും ക്രേമോനെസെയും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടുന്ന ടീമിനെയാണ് ക്വാർട്ടറിൽ റോമ നേരിടുക.
അതേസമയം വിജയം നേടിയെങ്കിലും കോപ്പ ഇറ്റാലിയ ടൂർണമെന്റിനെതിരെ കടുത്ത വിമർശനമാണ് മൗറീന്യോ നടത്തിയത്,. യൂറോപ്പിലെ ഏറ്റവും മോശം ടൂർണമെന്റാണ് കോപ്പ ഇറ്റാലിയയെന്നാണ് മൗറീന്യോ വിശേഷിപ്പിച്ചത്. ചെറിയ ടീമുകൾക്ക് കുറച്ചു കൂടി ആനുകൂല്യം നൽകുന്ന തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്നാണു കോപ്പ ഇറ്റാലിയ ടൂർണമെന്റിന്റെ കുറിച്ച് മൗറീന്യോ പറഞ്ഞത്. മത്സരങ്ങൾ ഹോം, എവേ രീതിയിൽ സംഘടിപ്പിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളാണ് മൗറീന്യോ ചൂണ്ടിക്കാട്ടുന്നത്.
“എനിക്കത് വിജയിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യം തന്നെ പറയുന്നു. ഒരിക്കൽ ഞാനത് റോമക്കെതിരെ കളിച്ച് വിജയിച്ചതാണ്, ഇനി റോമയോടൊപ്പം അത് വിജയിക്കാൻ താൽപര്യമുണ്ട്. ഇത് യൂറോപ്പിലെ ഏറ്റവും മോശം കപ്പാണെന്നാണ് ഞാൻ കരുതുന്നത്. ചെറിയ ടീമുകളെ ഇത് സംരക്ഷിക്കുന്നില്ല, ഇതൊരു മികച്ച പ്രകടനമായി മാറുന്നില്ല.”
🎙 Mourinho: “The Coppa Italia is the worst tournament in Europe, it doesn’t protect the small teams.”
— CittaCalcioUsa (@CittadellaUSA) January 13, 2023
“Where is the beauty of the Cup? It would be nice to play on a Serie B or Serie C pitch, where is that? Because people accept it.”
[via Sportmediaset]#RomaGenoa #CoppaItalia pic.twitter.com/TPG8cPnsq3
“മിലൻറെ മൈതാനത്ത് വിജയിച്ച ടോറിനോയെ ഞാൻ ഉദാഹരണമായി പറയുന്നു. അവർ അടുത്ത റൗണ്ട് മത്സരവും എവെയിലാണ് കളിക്കേണ്ടത്. കോപ്പ ഇറ്റാലിയ ടൂർണമെന്റിന്റെ ഈ ഘടന എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. ഞങ്ങൾ സീരി ബിയിൽ കളിക്കുന്ന ടീമിനോട് നിറഞ്ഞ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. ആളുകളില്ലാത്ത സ്റ്റേഡിയം ആണെങ്കിൽ എന്തുകൊണ്ടാണ് ഞങ്ങളുടെ സ്റ്റേഡിയം നിറഞ്ഞു നിൽക്കുന്നതെന്നും മറ്റുള്ളവ അങ്ങിനെയല്ലാത്തതെന്നും മനസിലാക്കാൻ കഴിയും.” മൗറീന്യോ പറഞ്ഞു.
സീരി ബിയിൽ നിന്നും സീരി സിയിൽ നിന്നും ടീമുകൾ ഉണ്ടാകുമ്പോൾ അവരുടെ മൈതാനത്ത് കളിക്കണമെന്നാണ് മൗറീന്യോ ആവശ്യപ്പെടുന്നത്. അതാണ് ടൂർണമെന്റിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറയുന്നു. അടുത്ത മത്സരത്തിൽ ഏതു ടീമിനെതിരെയാണെങ്കിലും അത് വിജയിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മൗറീന്യോ പറഞ്ഞു, കിരീടം നേടാൻ തന്നെയാണ് റോമ ടൂർണമെന്റ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.