ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ സീസണുകളിലെന്ന പോലെ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന് കിരീടപ്രതീക്ഷയില്ല. ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ടീം പിന്നീട് മോശം ഫോമിലേക്ക് വീഴുകയായിരുന്നു. സീസണിന്റെ ആദ്യപകുതിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
പരിക്കുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിയതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പരിക്കുകൾ മാത്രമാണോ ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്ന് ഏവരും ചിന്തിക്കേണ്ടതാണ്. ഫുട്ബോളിൽ പരിക്കുകൾ സ്വാഭാവികമായ കാര്യമാണ്. അത് മുൻകൂട്ടി മനസിലാക്കി ഏറ്റവും മികച്ച ടീമിനെ ഒരുക്കേണ്ടത് കിരീടം ലക്ഷ്യം വെക്കുന്ന ടീമുകൾ തീർച്ചയായും ചെയ്യേണ്ട കാര്യമാണ്.
𝐑𝐄𝐂𝐎𝐑𝐃𝐒. 𝐀𝐑𝐄. 𝐌𝐄𝐀𝐍𝐓. 𝐓𝐎. 𝐁𝐄. 𝐁𝐑𝐎𝐊𝐄𝐍. 🤗#TheIslanders have beaten their own record of most points secured in a single #ISL season 👏#MCFCOFC #ISL10 #AamchiCity 🔵 pic.twitter.com/8F021Lgxdm
— Mumbai City FC (@MumbaiCityFC) April 8, 2024
നിലവിൽ ഷീൽഡ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റി ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മാതൃക തന്നെയാണ്. ഈ സീസൺ പകുതിയായപ്പോഴാണ് അവരുടെ പ്രധാന പരിശീലകൻ മറ്റൊരു ക്ലബിന്റെ ഓഫർ സ്വീകരിച്ച് മുംബൈ സിറ്റി വിടുന്നത്. അതിനു പുറമെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വിദേശതാരങ്ങളിൽ ചിലരും ക്ലബ് വിട്ടു പോവുകയുണ്ടായി.
ഇതൊക്കെ ടീമിന്റെ സന്തുലിതാവസ്ഥയെ തകർക്കുന്ന കാര്യമാണെങ്കിലും അതിനെ കൃത്യമായി പരിഹരിക്കാൻ അവർക്ക് കഴിഞ്ഞു. തങ്ങളുടെ പദ്ധതികൾക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കിയ മുംബൈ സിറ്റിക്ക് മികച്ചൊരു സ്ക്വാഡ് ഉണ്ടെന്നത് കാര്യങ്ങൾ എളുപ്പമാക്കി. കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ക്ലബുകളുടെ പരിമിതിയും ഇത്തരത്തിൽ ബെഞ്ചിലടക്കം മികച്ച താരങ്ങൾ ഇല്ലെന്നതാണ്.
ഈ സീസണിനു മുന്നോടിയായി മികച്ച പല താരങ്ങളെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ ആ താരങ്ങൾക്ക് പരിക്കേറ്റാൽ അതിനു പകരക്കാരനാവാൻ കഴിയുന്ന മികച്ച താരങ്ങൾ ടീമിലില്ല. ഐഎസ്എല്ലിലെ ഓരോ ക്ലബുകളും വളരെ ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തിൽ ബിസിനസ് താൽപര്യങ്ങൾക്ക് ഉപരിയായി മികച്ച ടീമിനെ ഉണ്ടാക്കിയെടുത്താൽ മാത്രമേ കിരീടനേട്ടങ്ങളും വന്നു ചേരുകയുള്ളൂ.
Mumbai City FC Is A Model For Kerala Blasters