യൂറോ കിരീടം നേടിയെങ്കിലും ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്നത് ഇറ്റലിയെ സംബന്ധിച്ച് വലിയൊരു ക്ഷീണമായിരുന്നു. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്ക് കഴിയാതെ വന്നത്. അതോടെ ടീമിനെ മൊത്തത്തിൽ ഉടച്ചു വാർക്കാൻ പരിശീലകനായ റോബർട്ടോ മാൻസിനി തീരുമാനിക്കുകയും ചെയ്‌തു.
വിവിധ രാജ്യങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന ഇറ്റാലിയൻ പൗരത്വം നേടാൻ കഴിയുന്ന താരങ്ങളെ എത്തിക്കുകയെന്ന പദ്ധതിയുമായാണ് മാൻസിനി ഇപ്പോൾ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ യൂറോ യോഗ്യത മത്സരങ്ങളിൽ അർജന്റീനയിൽ ജനിച്ച മാറ്റിയോ റെറ്റെഗുയ് എന്ന താരത്തിനു ഇറ്റാലിയൻ ടീമിൽ അവസരം നൽകുകയും രണ്ടു മത്സരങ്ങളിലും താരം ഗോളുകൾ നേടുകയും ചെയ്‌തു.
Newcastle United transfer rumours: Magpies among host of Premier League clubs chasing Mateo Retegui: https://t.co/rQmAEew6dm
— NUFC News (@NUFCNewsApp) April 2, 2023
അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന്റെ താരമായ റെറ്റെഗുയ് ഇപ്പോൾ ലോണിൽ അർജന്റീനയിലെ തന്നെ മറ്റൊരു ക്ലബായ ടൈഗ്രയിലാണ് കളിക്കുന്നത്. യൂറോ യോഗ്യത മത്സരങ്ങളിൽ താരം മികച്ച പ്രകടനം നടത്തിയതിനെ തുടർന്ന് പരിശീലകനായ മാൻസിനി സീരി എയിലെയോ യൂറോപ്പിലെയോ ഏതെങ്കിലും ക്ലബിൽ താരം കളിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞിരുന്നു.
ഇപ്പോൾ യൂറോപ്പിൽ നിന്നും താരത്തിന് വമ്പനൊരു ഓഫർ വന്നിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡാണ് റെറ്റെഗുയിയെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ടൈഗ്രയിൽ എത്തിയതിനു ശേഷം 29 ഗോളുകൾ നേടിയിട്ടുള്ള താരം ഇറ്റലിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് പ്രീമിയർ ലീഗിൽ ആധിപത്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന അവരെ ആകർഷിച്ചത്.
അതേസമയം റെറ്റെഗുയ് ഇറ്റലിയിൽ കളിക്കണമെന്നാണ് മാൻസിനിയുടെ ആഗ്രഹം. സീരി എ ക്ലബുകളായ എസി മിലാൻ, ഇന്റർ മിലാൻ എന്നിവർക്കും താരത്തിൽ താൽപര്യമുള്ളതിനാൽ താരം ഇറ്റലിയിൽ എത്താനുള്ള സാധ്യതയുമുണ്ട്. എന്തായാലും അർജന്റീനക്ക് നഷ്‌ടമായ താരം അടുത്ത സീസണിൽ യൂറോപ്പിൽ വെന്നിക്കൊടി പാറിക്കാനായി എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
Content Highlights: Newcastle United Eyeing Italy Sensation Matias Retegui