ന്യൂകാസിൽ യുണൈറ്റഡിന്റെ ഹീറോ, പറഞ്ഞ വാക്കു പാലിച്ച് ബ്രസീലിയൻ താരം |Newcastle Unitedന്യൂകാസിൽ യുണൈറ്റഡിന്റെ ഹീറോ, പറഞ്ഞ വാക്കു പാലിച്ച് ബ്രസീലിയൻ താരം |

കഴിഞ്ഞ വർഷം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കുന്നത്. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ക്ലബിന്റെ ഉടമകൾ ആയതിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സൈനിംഗുകളിൽ ഒന്നായിരുന്നു ബ്രൂണോയുടെത്. നാൽപതു മില്യൺ യൂറോയെന്ന ആ സമയത്തെ ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫർ ഫീസാണ് താരത്തിനായി ന്യൂകാസിൽ മുടക്കിയത്.

ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ ഭാവി പദ്ധതികളിലെ നട്ടെല്ലെന്ന നിലയിലാണ് ഇരുപത്തിനാലാം വയസിൽ ബ്രൂണോയെ ടീമിലെത്തിച്ചത്. ക്ലബ്ബിലേക്ക് ചേക്കേറുന്ന സമയത്ത് ബ്രസീലിയൻ താരം നൽകിയ വാഗ്‌ദാനം ന്യൂകാസിൽ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുമെന്നായിരുന്നു. ബ്രൂണോ ക്ലബ്ബിലെത്തി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ആ വാഗ്‌ദാനം പാലിക്കപ്പെട്ടിരിക്കുകയാണ്. അടുത്ത സീസണിൽ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡും ലൈസ്റ്റർ സിറ്റിയും സമനില വഴങ്ങിയതോടെയാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായത്. ഇനി ഒരു മത്സരം മാത്രം ലീഗിൽ കളിക്കാനിരിക്കെ മൂന്നാം സ്ഥാനത്താണ് ന്യൂകാസിൽ നിൽക്കുന്നത്. എഴുപതു പോയിന്റുള്ള അവർക്ക് പിന്നിൽ രണ്ടു മത്സരം കളിക്കാൻ ബാക്കിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 69 പോയിന്റുമായി നിൽക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് ന്യൂകാസിലിനെ മറികടക്കാൻ ഇനി കഴിയില്ല.

ന്യൂകാസിൽ യുണൈറ്റഡ് ഇരുപതു വർഷത്തിനു ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് മുന്നേറിയപ്പോൾ മികച്ച പ്രകടനമാണ് ടീമിനായി ബ്രസീലിയൻ താരം നടത്തിയത്. സീസണിൽ മുപ്പത്തിയൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ താരം നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കി. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായി പേരെടുക്കാനും ബ്രസീലിയൻ താരത്തിന് കഴിഞ്ഞു.

കസമീറോയുടെ സാന്നിധ്യം കാരണം ബ്രസീലിയൻ ടീമിൽ അവസരങ്ങൾ കുറവാണെങ്കിലും ക്ലബ് തലത്തിൽ തന്റെ മികവ് പ്രകടിപ്പിക്കാൻ ബ്രൂണൊക്ക് കഴിയുന്നു. 2022ൽ “ചാമ്പ്യൻസ് ലീഗിനെ മിസ് ചെയ്യുന്നു” എന്നു ട്വീറ്റ് ചെയ്‌ത താരം കഴിഞ്ഞ ദിവസം അത് റീട്വീറ്റ് ചെയ്‌ത്‌ “നേടുന്നത് വരെ പല കാര്യങ്ങളും അസാധ്യമായി തോന്നാം” എന്നാണു കുറിച്ചത്. തന്റെ ഒരു ലക്‌ഷ്യം നേടിയ താരം ഇനി നോട്ടമിടുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമായിരിക്കും.

Bruno Guimaraes Tweets After Newcastle United Back Into UCL

Bruno GuimaraesChampions LeagueNewcastle United
Comments (0)
Add Comment