സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഏറ്റെടുത്തതിനു ശേഷം നിരവധി താരങ്ങളെ എത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്തുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്‌ത ന്യൂകാസിൽ യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിൽ നടത്തിയത് ഗംഭീരപ്രകടനം. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളിലൊന്നായ പിഎസ്‌ജിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നിരവധി വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ന്യൂകാസിൽ തകർത്തു വിട്ടത്.
എംബാപ്പെ, ഡെംബലെ, ഹക്കിമി തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പിഎസ്‌ജിയും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം തുടക്കം മുതൽ അവസാനം വരെ ആവേശകരമായ ഒന്നായിരുന്നു. രണ്ടു ടീമുകളും ആക്രമിച്ച് കളിച്ചപ്പോൾ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ന്യൂകാസിൽ യുണൈറ്റഡ് വിജയം നേടുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തു.
Sitting pretty. 😎 pic.twitter.com/hmvOjNLJbo
— Newcastle United FC (@NUFC) October 4, 2023
പതിനേഴാം മിനുട്ടിലാണ് ന്യൂകാസിലിന്റെ ആദ്യത്തെ ഗോൾ പിറക്കുന്നത്. ഒരു റീബൗണ്ടിൽ നിന്നും പാരഗ്വായ് താരം മിഗ്വൽ അൽമിറോനാണ് ന്യൂകാസിലിന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ന്യൂകാസിൽ യുണൈറ്റഡ് ലീഡുയർത്തി. ബ്രസീലിയൻ താരം ബ്രൂണോ ഗുയ്മെറാസിന്റെ പാസിൽ നിന്നും ഹെഡറിലൂടെ ന്യൂകാസിൽ പ്രതിരോധതാരം ഡാൻ ബേണാണ് ടീമിന്റെ ലീഡുയർത്തി പിഎസ്‌ജിയെ പ്രതിരോധത്തിലാക്കിയത്.
🇧🇷 Bruno Guimaraes registered more successful ball recoveries (14) than any other player for either Newcastle United or PSG. He was also 100% on his successful tackles (2/2). Too good for the Paris. #NUFC #NEWPSG #UCL pic.twitter.com/TJIebtnY9l
— Mozo Football (@MozoFootball) October 4, 2023
രണ്ടാം പകുതിയിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയോടെയാണ് പിഎസ്‌ജി ഇറങ്ങിയതെങ്കിലും അഞ്ചു മിനുട്ടിൽ തന്നെ ന്യൂകാസിൽ ആ പ്രതീക്ഷകൾ പൂർണമായും തകർത്തു കളഞ്ഞു. സീൻ ലോങ്സ്റ്റാഫാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. അതിനു പിന്നാലെ ലൂക്കാസ് ഹെർണാണ്ടസ് പിഎസ്‌ജിക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടവർക്ക് ഒന്നും ചെയ്യാനായില്ല. ഇഞ്ചുറി ടൈമിൽ ഫാബിയൻ ഷാർ കൂടി ഗോൾ നേടിയതോടെ ന്യൂകാസിലിന്റെ വിജയം മികച്ചതായി.
മത്സരത്തിൽ വിജയം നേടിയതോടെ മൂന്നു പോയിന്റുള്ള പിഎസ്‌ജിയെ മറികടന്ന് ന്യൂകാസിൽ യുണൈറ്റഡ് ഗ്രൂപ്പ് എഫിൽ ഒന്നാമതായി. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റുള്ള മിലാൻ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഒരു പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് നാലാമത് നിൽക്കുന്നു. ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പാണ് ഗ്രൂപ്പ് എഫ്. നിലവിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്നലെ വഴങ്ങിയ വമ്പൻ തോൽവി പിഎസ്‌ജിക്ക് വലിയ തിരിച്ചടിയാണ്. ഇനിയുള്ള മത്സരങ്ങൾ ടീമിന് വളരെ നിർണായകവുമാണ്.
Newcastle United Thrash PSG In UCL