ട്രോയെസിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ രണ്ടു തവണ പിന്നിൽ നിന്നും തിരിച്ചടിച്ചാണ് പിഎസ്ജി മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയത്. നെയ്മർ, മെസി എന്നിവർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ കിലിയൻ എംബാപ്പയും കാർലോസ് സോളറുമാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. മത്സരത്തിലെ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ അഞ്ചു പോയിന്റ് വ്യത്യാസത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്തു വരാൻ പിഎസ്ജിക്ക് കഴിഞ്ഞു.
നിരവധി മികച്ച മുഹൂർത്തങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. അതിൽ ലയണൽ മെസിയുടെ വെടിയുണ്ട പോലെയുള്ള ലോങ്ങ് റേഞ്ചർ ഗോളും അതിനേക്കാൾ മനോഹരമായ മധ്യനിരയിൽ നിന്നുള്ള അസിസ്റ്റും ഉൾപ്പെടുന്നു. എന്നാൽ അതിനേക്കാൾ ആ മത്സരത്തിൽ ആരാധകർ അത്ഭുതപ്പെട്ടു പോയത് നെയ്മർ അറുപത്തിയാറാം മിനുറ്റിൽ കാഴ്ച വെച്ചൊരു നീക്കമാണ്. അതു ഗോളാക്കി മാറ്റാൻ എംബാപ്പക്കു കഴിയാത്തതു കൊണ്ടു മാത്രമാണ് മെസിയുടെ ഗോൾ പോലെയോ അസിസ്റ്റ് പോലെയോ ശ്രദ്ധിക്കപ്പെടാതെ പോയത്.
മധ്യനിരയിൽ നിന്നും പന്തു സ്വീകരിച്ച നെയ്മർ ആദ്യമൊരു ട്രോയെസ് താരത്തിൽ നിന്നും വെട്ടിയൊഴിഞ്ഞതിനു ശേഷം പിന്നീട് തന്നെ വളഞ്ഞ മൂന്നു താരങ്ങളുടെ ഇടയിൽ നിന്നും പന്തെടുത്ത് ബോക്സിന്റെ അരികിലെത്തി. അതിനു ശേഷമാണ് നെയ്മറുടെ ഏറ്റവും മനോഹരമായ സ്കിൽ വന്നത്. അരികിലൂടെ ഓടുകയായിരുന്ന എംബാപ്പക്ക് നെയ്മർ പന്തു നൽകിയത് അവിശ്വസനീയമായൊരു മാഴ്സെ ടേണിലൂടെയായിരുന്നു. എന്നാൽ പന്ത് ലഭിച്ച എംബാപ്പെക്ക് അതു ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
Neymar vs Troyespic.twitter.com/WcXEjRN2ne
— 𝑨𝒍𝒆𝒙𝒊𝒊𝒔 ⚜️🇨🇷 (@Alexis92__) October 30, 2022
ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയതോടെ ലീഗ് വണ്ണിൽ ഗോൾ, അസിസ്റ്റ് എന്നിവയിൽ നെയ്മർ ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്. ഗോൾ വേട്ടക്കാരിൽ പത്തു ഗോളോടെ എംബാപ്പക്കു പിന്നിൽ രണ്ടാമതു നിൽക്കുന്ന താരം അസിസ്റ്റ് വേട്ടക്കാരിൽ ലയണൽ മെസിക്ക് പിന്നിലും രണ്ടാം സ്ഥാനത്താണ്. നെയ്മറുടെ മികച്ച പ്രകടനം ലോകകപ്പിനായി തയ്യാറെടുക്കുന്ന ബ്രസീലിയൻ ടീമിനും ആത്മവിശ്വാസം നൽകുന്നതാണ്.