ഇൻസ്റ്റഗ്രാമിൽ നിന്നും പിഎസ്‌ജിയെ ഒഴിവാക്കി, നെയ്‌മർ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു | Neymar

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് നെയ്‌മർ. കഴിഞ്ഞ സീസണിൽ അത്ര വലിയ പ്രതിഷേധമാണ് താരത്തിനെതിരെ പിഎസ്‌ജി ആരാധകർ നടത്തിയത്. താരത്തിന്റെ വീടിനു മുന്നിലടക്കം ആരാധകർ പ്രതിഷേധവുമായി എത്തിയതോടെ ഇനി പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന് നെയ്‌മർ തീരുമാനം എടുത്തിരുന്നു. എന്നാൽ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതയും എൻറിക്ക് പരിശീലകനായി എത്തിയതും നെയ്‌മറുടെ തീരുമാനത്തിൽ മാറ്റമുണ്ടാക്കി.

എന്നാൽ നെയ്‌മർ പിഎസ്‌ജി വിടാനുള്ള സാധ്യതയുണ്ടെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പിഎസ്‌ജി എന്നു നീക്കം ചെയ്‌തത്‌ ക്ലബ് വിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്നാണ് മുണ്ടോ ഡീപോർറ്റീവോ പറയുന്നത്. അതിനു പുറമെ പിഎസ്‌ജി നെയ്‌മറെ ബാഴ്‌സലോണക്ക് ഓഫർ ചെയ്‌തുവെന്ന റിപ്പോർട്ടുകളും അതിനൊപ്പം പുറത്തു വരുന്നുണ്ട്. ഡെംബലെയെ പിഎസ്‌ജി സ്വന്തമാക്കാൻ പോകുന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.

ഖത്തറിൽ നിന്നുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് മുണ്ടോ ഡീപോർറ്റീവോ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സമ്മറിൽ തന്നെ നെയ്‌മറെ വിൽക്കാൻ പിഎസ്‌ജിക്ക് താൽപര്യം ഉണ്ടായിരുന്നു. താരത്തിന്റെ തുടർച്ചയായ പരിക്കും മോശം പെരുമാറ്റവും പിഎസ്‌ജിക്ക് വലിയ തലവേദന സൃഷ്‌ടിച്ചിരുന്നു. ഇപ്പോൾ ഡെംബലെയെ സ്വന്തമാക്കാനുള്ള സാധ്യത വർധിച്ചതാണ് നെയ്‌മറെ ഒഴിവാക്കാൻ കാരണമായതെന്നു വേണം കരുതാൻ.

അതേസമയം ബാഴ്‌സലോണ പരിശീലകനായ സാവിക്ക് നെയ്‌മറെ തിരികെ കൊണ്ടുവരാൻ വലിയ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നെയ്‌മറുടെ പ്രതിഭയിൽ സാവിക്ക് യാതൊരു സംശയവുമില്ലെങ്കിലും താരം ബാഴ്‌സലോണയിൽ എത്തിയാൽ ഡ്രസിങ് റൂമിൽ ഇപ്പോൾ നിലനിൽക്കുന്ന ഒത്തൊരുമയെ ബാധിക്കുമെന്നാണ്‌ സാവി കരുതുന്നത്. എന്നാൽ നെയ്‌മറുടെ തിരിച്ചുവരവ് ബാഴ്‌സലോണ ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Neymar Offered To FC Barcelona

FC BarcelonaNeymarPSG
Comments (0)
Add Comment