ബ്രസീലിനു കോപ്പ അമേരിക്ക നേടിക്കൊടുക്കാൻ സുൽത്താനുണ്ടാകില്ല, നെയ്‌മർ ടൂർണമെന്റിൽ നിന്നും പുറത്ത് | Neymar

ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ നെയ്‌മർ ജൂനിയർ 2024ൽ നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കില്ലെന്നു സ്ഥിരീകരിച്ചു. എസിഎൽ ഇഞ്ചുറിയെത്തുടർന്ന് നവംബർ ആദ്യം മുതൽ വിശ്രമത്തിൽ തുടരുന്ന താരത്തിന്റെ പരിക്ക് കോപ്പ അമേരിക്ക ടൂർണമെന്റിന് മുൻപ് ഭേദപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം ബ്രസീലിയൻ ദേശീയ ടീമിലെ ഡോക്ടറായ റോഡ്രിഗോ ലാസ്‌മാറാണ് വെളിപ്പെടുത്തിയത്.

നേരത്തെ കോപ്പ അമേരിക്ക ടൂർണമെന്റിനു തൊട്ടുമുൻപ് നെയ്‌മർ പരിക്കിൽ നിന്നും മുക്തനായി വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാസ്‌മാർ വെളിപ്പെടുത്തുന്നത് പ്രകാരം നെയ്‌മർ അടുത്ത യൂറോപ്യൻ കലണ്ടറിനു മുൻപേ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയുള്ളൂ. ഓഗസ്റ്റിലാണ് യൂറോപ്പിൽ മത്സരങ്ങൾ ആരംഭിക്കുക. ജൂൺ, ജൂലൈ മാസങ്ങളിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിട്ടു സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയ നെയ്‌മർക്ക് വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് അവർക്കു വേണ്ടി കളിക്കാൻ കഴിഞ്ഞത്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ വേട്ടയാടിയ താരത്തിന് 2026 ലോകകപ്പ് യോഗ്യത നേടാനുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. മൈതാനത്ത് വേദന കൊണ്ടു പുളഞ്ഞ താരം കരഞ്ഞു കൊണ്ടാണ് കളിക്കളം വിട്ടത്.

ബ്രസീലിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് നെയ്‌മറുടെ അഭാവം. മുന്നേറ്റനിരയിൽ വേറെ മികച്ച താരങ്ങളുണ്ടെങ്കിലും നെയ്‌മർ നൽകുന്ന ആത്മവിശ്വാസം വേറെയാണ്. നെയ്‌മർ പരിക്കേറ്റു പുറത്തു പോയ മത്സരമടക്കം അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിലും ബ്രസീൽ തോൽവി വഴങ്ങുകയും ചെയ്‌തു. ഇത്തവണ കോപ്പ അമേരിക്ക കോൺകാഫ് മേഖലയിലെ ടീമുകളെക്കൂടി ഉൾപ്പെടുത്തിയായതിനാൽ താരത്തിന്റെ അഭാവം നിഴലിച്ചു നിൽക്കും.

അതേസമയം നെയ്‌മർ ഇല്ലാതെ ഇതിനു മുൻപ് കളിച്ച ഒരു കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിനു വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് നേരിയ ആശ്വാസം നൽകുന്ന കാര്യമാണ്. 2019 കോപ്പ അമേരിക്കയിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തായിട്ടും ബ്രസീൽ കിരീടമുയർത്തിയത്. അതേസമയം ഇത്തവണ കൂടുതൽ മികച്ച ടീമുകൾ ഉണ്ടെന്നതും നിലവിലെ മോശം ഫോമും ബ്രസീൽ ആശങ്കയിലെടുക്കേണ്ട കാര്യങ്ങൾ തന്നെയാണ്.

Neymar Ruled Out Of Copa America 2024

BrazilCopa America 2024Neymar
Comments (0)
Add Comment