മധ്യവര മുതൽ പെനാൽറ്റി ബോക്‌സ് വരെ ഒറ്റയാൻ നീക്കം, ഇതുപോലെയൊരു ഡ്രിബ്ലിങ് നടത്താൻ നെയ്‌മർ തന്നെ വേണം | Neymar

ബൊളീവിയക്കെതിരായ മത്സരത്തിൽ ബ്രസീൽ മികച്ച വിജയം നേടിയപ്പോൾ താരമായത് നെയ്‌മറാണ്. രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത താരം മത്സരത്തിലുടനീളം മിന്നിത്തിളങ്ങി. പരിക്കിൽ നിന്നും മുക്തനായതിനു ശേഷം ആദ്യത്തെ മത്സരത്തിനായി ഇറങ്ങിയ താരം അക്ഷരാർത്ഥത്തിൽ ബ്രസീലിന്റെ ഹീറോയായിരുന്നു. പതിനേഴാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി നഷ്‌ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ മത്സരത്തിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കാൻ നെയ്‌മർക്ക് കഴിഞ്ഞേനെ.

മത്സരത്തിനു ശേഷം നെയ്‌മറുടെ ഗോളിനെക്കാൾ ആരാധകർ ഏറ്റെടുത്തത് ആദ്യപകുതിയിൽ താരം നടത്തിയ ഒരു മനോഹരമായ നീക്കമാണ്. മധ്യവരയിൽ നിന്നും പന്തുമായി മുന്നേറിയ നെയ്‌മർ അതുമായി ബോക്‌സിലെത്തുകയും അതിനു ശേഷം അവിടെയുണ്ടായിരുന്ന അഞ്ചോളം പ്രതിരോധതാരങ്ങളെ വെട്ടിച്ചതിനു ശേഷം ഷോട്ടുതിർക്കുകയും ചെയ്‌തു. എന്നാൽ താരത്തിന്റെ കിക്ക് ഗോൾകീപ്പർ തടുത്തിട്ടു. അത് ഗോളായി മാറിയിരുന്നെങ്കിൽ ചിലപ്പോൾ പുഷ്‌കാസ് പുരസ്‌കാരം തന്നെ നെയ്‌മറെ തേടി വന്നേനെ.

അതിനു പുറമെയും മത്സരത്തിൽ നെയ്‌മറുടെ ഒരു മനോഹരമായ നിമിഷം ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ബോക്‌സിന് പുറത്തു നിന്നും താരം എടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ചാണ് പുറത്തു പോയത്. അത് ഗോളായിരുന്നെങ്കിൽ മത്സരത്തിലെ ഏറ്റവും മികച്ച ഗോളാകുമായിരുന്നു. എന്നാൽ നിർഭാഗ്യം അതിനു സമ്മതിച്ചില്ല. നിർഭാഗ്യം കൊണ്ട് തന്നെയാണ് താരത്തിന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കാൻ കഴിയാതെ വന്നതും. എങ്കിലും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ നെയ്‌മർക്ക് കഴിഞ്ഞു.

ബ്രസീലിയൻ ടീമിനൊപ്പം നെയ്‌മർ നടത്തുന്ന ഈ പ്രകടനം ആരാധകർക്ക് വളരെയധികം ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തായതിന്റെ നിരാശയെ മറക്കാൻ ഇനിയുള്ള കിരീടങ്ങൾ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ബ്രസീൽ മുന്നോട്ടു പോകുന്നത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ അതിലേക്ക് ടീമിനെ നയിക്കാൻ തനിക്ക് കഴിയുമെന്ന് വീണ്ടും താരം തെളിയിച്ചു.

Neymar Superb Run Vs Bolivia

BoliviaBrazilNeymar
Comments (0)
Add Comment