സെർബിയക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീൽ ടീമിന് തിരിച്ചടി നൽകി സൂപ്പർതാരം നെയ്മർ പരിക്കേറ്റു പുറത്തു പോയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയ മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് നെയ്മർ പരിക്കേറ്റു പുറത്തു പോയത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ടിറ്റെ പറഞ്ഞെങ്കിലും അത്ര നിസാരമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ടു മത്സരവും നെയ്മർക്ക് നഷ്ടമാകും. സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളാണ് നെയ്മർക്ക് നഷ്ടമാവുക. ഈ മത്സരത്തിൽ പുറത്തിരുന്ന് വിശ്രമം ലഭിച്ചാൽ മാത്രമേ നെയ്മർക്ക് ലോകകപ്പിലെ അടുത്ത മത്സരങ്ങളിൽ കളിക്കാൻ കഴിയൂ. ഈ മത്സരങ്ങളിൽ വിശ്രമം ലഭിക്കുകയും ബ്രസീൽ പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്താൽ നെയ്മർ അവിടം മുതൽ ടീമിനായി കളിച്ചു തുടങ്ങും.
Neymar to miss Switzerland game and could sit out Cameroon as well https://t.co/wJjKoz1Ije
— SPORT English (@Sport_EN) November 25, 2022
നെയ്മറുടെ ആംഗിളിനാണ് ഇഞ്ചുറി പറ്റിയിരിക്കുന്നത്. താരത്തിന്റെ കരിയറിൽ വളരെയധികം തിരിച്ചടി നൽകിയിട്ടുള്ള ഇഞ്ചുറിയാണത്. 358 ദിവസങ്ങളോളം ആങ്കിൾ ഇഞ്ചുറി കൊണ്ടു മാത്രം താരം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് താരത്തിന്റെ കാര്യത്തിൽ ഇത്തരമൊരു മുൻകരുതൽ എടുക്കാൻ ബ്രസീൽ ഒരുങ്ങുന്നത്. നെയ്മർ ഇല്ലെങ്കിലും ബ്രസീലിയൻ മുന്നേറ്റനിര ശക്തമാണെന്നതിനാൽ കൂടുതൽ സാഹസത്തിനു ബ്രസീൽ മുതിരാനിടയില്ല.