ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോൽവി നേരിട്ടതും ടൂർണമെന്റിൽ നിന്നും പുറത്തായതും നെയ്മറെ വളരെയധികം ബാധിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു ശേഷം താരം സോഷ്യൽ മീഡിയ വഴി നൽകിയ സന്ദേശങ്ങളിൽ നിന്നും അത് വ്യക്തമാണ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നായിട്ടും ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോകുന്നത്. കിരീടം നേടാൻ സാധ്യതയുള്ള ടീമിൽ നിന്നും ഇത്തരമൊരു പുറത്താകൽ നെയ്മർക്ക് കടുത്ത നിരാശയാണ് നൽകിയത്.
ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തു പോയതോടെ താരം ബ്രസീൽ ദേശീയ ടീമിൽ നിന്നും വിരമിക്കുമോയെന്ന സംശയങ്ങൾ ഉയർന്നിരുന്നു. ക്വാർട്ടർ ഫൈനലിനു ശേഷം തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നാണ് നെയ്മറും അതേക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള പദ്ധതി നിലവിൽ താരത്തിനില്ലെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തു വിടുന്ന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബ്രസീൽ ടീമിൽ നിന്നും ഒരു ഇടവേള എടുക്കാൻ നെയ്മർ ഉദ്ദേശിക്കുന്നുണ്ട്.
നെയ്മർ ദേശീയ ടീമിൽ നിന്നും ദീർഘകാലത്തേക്ക് വിട്ടു നിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകകപ്പിൽ നിന്നുള്ള തോൽവിയുടെ ആഘാതത്തിൽ നിന്നും മുക്തി നേടാനാണ് ഇതിലൂടെ താരം ശ്രമിക്കുന്നത്. ബ്രസീൽ ടീമിൽ നിന്നും വിട്ടു നിന്ന് തന്റെ ക്ലബായ പിഎസ്ജിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നെയ്മർ ഒരുങ്ങുകയാണ്. പിഎസ്ജിയിൽ എത്തിയതിനു ശേഷം ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത നെയ്മർ അതിനാവും ശ്രമിക്കുക. ഈ സീസണിൽ പിഎസ്ജിക്കായി ഏറ്റവും മികച്ച ഫോമിൽ കളിച്ചിരുന്ന താരവും നെയ്മർ തന്നെയാണ്.
ബ്രസീലിന്റെ തോൽവിക്ക് പിന്നാലെ പരിശീലകൻ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. പുതിയ പരിശീലകനായി കാർലോ ആൻസലോട്ടിയെയാണ് നോക്കുന്നതെന്നും ഈ സീസണ് ശേഷം ആൻസലോട്ടി പരിശീലകനായി എത്തുമെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്. അങ്ങിനെയെങ്കിൽ അതിനു ശേഷം ബ്രസീൽ ടീമിൽ തിരിച്ചെത്താനാകും നെയ്മറുടെ പദ്ധതി.