ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള സജീവമായ ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം. ക്ലബ്ബിലേക്ക് വന്ന നിരവധി പരിശീലകരുടെ പ്രൊഫൈലുകളും സ്പോർട്ടിങ് ഡയറക്റ്ററുടെ മനസിലുള്ള പ്രൊഫൈലുകളും കൃത്യമായി വിശകലനം ചെയ്‌ത് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന പരിശീലകരിൽ ഒരാളെയാകും കേരള ബ്ലാസ്റ്റേഴ്‌സ് നിയമിക്കുക.
അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. സ്‌കോട്ടിഷ് പരിശീലകനായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ കൊമ്പന്മാരെ പരിശീലിപ്പിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബായ ഹൈബർണിയന്റെ പരിശീലകനായിരുന്നു നാല്‌പത്തിരണ്ടുകാരനായ മോണ്ട്ഗോമറി.
🚨According to some Indian reporters sources former Hibernian coach Nick Montgomery is set to join Indian football side Kerala Blasters pic.twitter.com/7oUhtTesvx
— Transfer Tweets (@TransferTweet07) May 15, 2024
ലീഡ്‌സ് യുണൈറ്റഡ്, ഷെഫീൽഡ് യുണൈറ്റഡ് എന്നിവയുടെ യൂത്ത് ടീമുകളിൽ കളിച്ച മോണ്ട്ഗോമറി സീനിയർ കരിയറിന്റെ ഭൂരിഭാഗവും ഷെഫീൽഡ് യുണൈറ്റഡിലാണ് ചിലവഴിച്ചത്. അതിനു പുറമെ സ്‌കോട്ടിഷ് ക്ലബായ മതർവെല്ലിലും ഓസ്‌ട്രേലിയൻ ക്ലബ് സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിലും ഒരു വെയിൽസ് ക്ലബിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
പരിശീലകനെന്ന നിലയിൽ രണ്ടു ക്ളബുകളെ മാത്രമേ അദ്ദേഹം നയിച്ചിട്ടുള്ളൂ. അതിലൊന്ന് അദ്ദേഹം കളിച്ചിട്ടുള്ള ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സാണ്. 2021 മുതൽ 2023 വരെ അവിടെയുണ്ടായിരുന്ന അദ്ദേഹം എ ലീഗ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അതിനു ശേഷം സ്‌കോട്ടിഷ് ക്ലബിലെത്തിയ മോണ്ട്ഗോമറിയെ സീസൺ കഴിഞ്ഞതോടെ അവർ പുറത്താക്കുകയായിരുന്നു.
മോണ്ട്ഗോമറിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമന്റ് ബോക്‌സിൽ നിറയെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്‌തു കൊണ്ടുള്ള കമന്റുകളാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരാതെ ഒന്നും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
Nick Montgomery Linked With Kerala Blasters