റയൽ മാഡ്രിഡിനെ വിജയത്തിലെത്തിച്ച ലോങ്ങ് റേഞ്ചർ ഗോൾ, അർജന്റീന താരത്തെ പ്രശംസിച്ച് കാർലോ ആൻസലോട്ടി | Nico Paz

നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയതോടെ ഗ്രൂപ്പിൽ നടന്ന എല്ലാ മത്സരങ്ങളിലും വിജയം നേടിയാണ് അവർ കുതിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം പിന്നിലായിപ്പോയ റയൽ മാഡ്രിഡ് പിന്നീട് രണ്ടു ഗോളുകൾ നേടി മുന്നിലെത്തിയെങ്കിലും നാപ്പോളി സമനില നേടി. എന്നാൽ അവസാനം മിനിറ്റുകളിൽ റയൽ മാഡ്രിഡ് തിരിച്ചടിച്ച് വിജയം സ്വന്തമാക്കി.

മത്സരത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ടത് റയൽ മാഡ്രിഡിനു വേണ്ടി കളത്തിലിറങ്ങിയ അർജന്റീന മധ്യനിര താരമായ നിക്കോ പാസ് നേടിയ ഗോളാണ്. അറുപത്തിയഞ്ചാം മിനുറ്റിൽ ബ്രഹിം ഡയസിനു പകരക്കാരനായി കളത്തിലിറങ്ങിയ താരമാണ് സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്. മികച്ചൊരു മുന്നേറ്റത്തിന് ശേഷം ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെ എൺപത്തിനാലാം മിനുട്ടിലാണ് താരം റയലിനെ മുന്നിലെത്തിച്ച ഗോൾ നേടുന്നത്.

ഈ ഗോളിലൂടെ ഒരു വമ്പൻ നേട്ടവും താരത്തെ തേടിയെത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അർജന്റീന താരമെന്ന റെക്കോർഡാണ് നിക്കോ പാസിനെ തേടിയെത്തിയത്. ഗോൾ നേടുമ്പോൾ പത്തൊൻപത് വയസ് മാത്രം പ്രായമുള്ള താരം പതിനെട്ടാം വയസിൽ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയ മെസിക്ക് പിന്നിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.

മത്സരത്തിനു ശേഷം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി അർജന്റീന താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചിരുന്നു. താരത്തിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ച പ്രകടനം നടത്താനും ടീമിന് വേണ്ടത് നൽകാനും കഴിഞ്ഞുവെന്നു പറഞ്ഞ ആൻസലോട്ടി ഒരു റയൽ മാഡ്രിഡ് താരമാകാൻ വേണ്ട ഗുണമെല്ലാം നിക്കോക്കുണ്ടെന്ന് പറഞ്ഞു. നിർണായകമായ സമയത്തു തന്നെ താരം തന്റെ മികവ് കാണിച്ചുവെന്നും ടീമിന്റെ ഭാവിയാണ് നിക്കോയെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തൊൻപതാം വയസിൽ തന്നെ റയൽ മാഡ്രിഡിന്റെ ഫസ്റ്റ് ഇലവനിൽ ഇറങ്ങാനും മികച്ച പ്രകടനം നടത്താനും കഴിഞ്ഞത് നിക്കോ പാസിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. മോഡ്രിച്ച്, ക്രൂസ് തുടങ്ങിയ താരങ്ങൾ ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ ടീമിനായി കൂടുതൽ അവസരങ്ങൾ നിക്കോയെ തേടിയെത്തും എന്നുറപ്പാണ്. ഈ സീസണിൽ കൂടുതൽ അവസരം ലഭിച്ച്, അതിൽ മികച്ച പ്രകടനം നടത്തിയാൽ അർജന്റീന ടീമിന്റെ വാതിലുകളും താരത്തിന് മുന്നിൽ തുറന്നേക്കും.

Nico Paz Scored First UCL Goal

Carlo AncelottiLionel MessiNico PazReal MadridUEFA Champions League
Comments (0)
Add Comment