കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് അപ്രതീക്ഷിത ചുവടുമാറ്റത്തിനോ, മറ്റൊരു താരം കൂടി കരാർ പുതുക്കി | Kerala Blasters

ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഐഎസ്എൽ ആരംഭിച്ച് ഇതുവരെ കിരീടം നേടാൻ കഴിയാത്ത ടീമെന്ന ചീത്തപ്പേര് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന് മാറ്റാൻ കഴിഞ്ഞില്ല. സൂപ്പർ ലീഗ് പ്ലേ ഓഫിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ടീം അതിനു ശേഷം സൂപ്പർകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്തായാലും ആരാധകർക്ക് നിരാശ മാത്രം നൽകിയ ഒരു സീസണായിരുന്നു ഇത്തവണത്തേത്.

അടുത്ത സീസണിൽ കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സ് സുസജ്ജമായി വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടെങ്കിലും അതിനുള്ള തയ്യാറെടുപ്പുകൾ ഏറ്റവും മികച്ച രീതിയിൽ ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ദിമിയുടെ കരാർ നീട്ടിയെങ്കിലും പല താരങ്ങളും ക്ലബ് വിടുന്ന റിപ്പോർട്ടുകളാണ് കൂടുതൽ വരുന്നത്. അതിനിടയിൽ യുവതാരങ്ങളുടെ കരാർ നീട്ടുന്നത് അടുത്ത സീസണിൽ അവരെ കൂടുതൽ ഉപയോഗിക്കാനുള്ള പദ്ധതിയാണോ ബ്ലാസ്റ്റേഴ്‌സിനെന്നു തോന്നിപ്പിക്കുന്നുണ്ട്.

നിലവിൽ ടീമിന്റെ യുവതാരമായ നിഹാൽ സുധീഷിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയിരിക്കുന്നത്. ഇരുപത്തിയൊന്ന് വയസുള്ള താരത്തിനു 2026 വരെ ക്ലബിനൊപ്പം തുടരാനുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത്. 2015-16 സീസണിൽ കൊച്ചി സ്റ്റേഡിയത്തിൽ ബോൾ ബോയ് ആയിരുന്ന നിഹാൽ സുധീഷ് യൂത്ത് ടീമിലൂടെ വന്ന് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിന് വേണ്ടിയും കളിച്ചിരുന്നു.

യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം കയ്യടി നേടേണ്ട ഒന്നാണെങ്കിലും അടുത്ത സീസണിൽ അവർക്ക് മുഴുവൻ ഉത്തരവാദിത്വവും നൽകാൻ കഴിയില്ലെന്നുറപ്പാണ്. കലിയുഷ്‌നി അടക്കമുള്ള താരങ്ങൾ മധ്യനിരയിൽ നിന്നും പോകുന്നതിനാൽ അടുത്ത സീസണിൽ പരിചയസമ്പത്തും മികവുമുള്ള താരങ്ങളെ റിക്രൂട്ട് ചെയ്യേണ്ടത് ആവശ്യമാണ്. എങ്കിലും മാത്രമേ കിരീടമെന്ന ലക്‌ഷ്യം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.

Nihal Sudeesh Extended Kerala Blasters Contract Until 2026

Indian Super LeagueISLKerala BlastersNihal Sudeesh
Comments (0)
Add Comment