തുടക്കം കുറിച്ചു കഴിഞ്ഞു, ഒരുപാടെണ്ണം പിന്നാലെ വരും; കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗുകൾ ഉടനെ പ്രഖ്യാപിക്കുമെന്ന് ഡയറക്റ്റർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പ്രീ സീസൺ ക്യാമ്പിന്റെ തീയതി ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജൂലൈ മാസത്തിൽ മൂന്നാഴ്‌ച നീണ്ടു നിൽക്കുന്ന ക്യാമ്പ് തായ്‌ലൻഡിൽ വെച്ചാണ് നടക്കുന്നത്. ആ ക്യാമ്പിൽ വെച്ചാണ് താരങ്ങളും പുതിയ പരിശീലകനും ആദ്യമായി കാണാൻ പോകുന്നത്.

പ്രീ സീസൺ ക്യാമ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും ടീമിലേക്ക് വേണ്ട താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നും ആയിട്ടില്ല. വിദേശതാരങ്ങളിൽ പലരും ടീം വിട്ട സാഹചര്യത്തിൽ അവർക്ക് പകരക്കാരെ എത്തിക്കുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും എവിടെയുമെത്താതെ നിൽക്കുകയാണ്.

പൂർത്തിയാക്കിയ സൈനിംഗുകൾ പോലും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ലെന്ന പരാതിയും ആരാധകർക്കുണ്ട്. കഴിഞ്ഞ ദിവസം ക്ലബ് ഉടമയായ നിഖിലിനോട് ഇതേക്കുറിച്ച് ട്വിറ്ററിൽ ഒരു ആരാധകൻ പരാതി പറഞ്ഞിരുന്നു. മീഡിയ ടീം നന്നായി പണിയെടുക്കുന്നുണ്ടെന്നും പുതിയ താരങ്ങളെ സ്വന്തമാക്കിയതിന്റെ പ്രഖ്യാപനം തുടങ്ങി വെച്ചിട്ടുണ്ടെന്നും ഇനിയുമേറെ പ്രഖ്യാപനങ്ങൾ ഉടനെ വരുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.

നിഖിലിന്റെ മറുപടിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ സൈനിംഗുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതേണ്ടത്. എഫ്‌സി ഗോവയിൽ നിന്നും സ്വന്തമാക്കിയ മൊറോക്കൻ താരം നോഹ സദൂയിയുടെ സൈനിങ്‌ പോലും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല. സോം കുമാറെന്ന ഗോൾകീപ്പറാണ് ബ്ലാസ്റ്റേഴ്‌സ് സമീപകാലത്ത് പ്രഖ്യാപിച്ച ഒരേയൊരു സൈനിങ്‌.

നോഹ, ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നുറപ്പുള്ള താരങ്ങൾ. ഡ്രിൻസിച്ച്, പേപ്ര, സോട്ടിരിയോ എന്നിവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നും ആയിട്ടില്ല. അവരെ നിലനിർത്തുകയാണെങ്കിൽ ഒരു വിദേശ സൈനിങ്‌ കൂടിയേ ബ്ലാസ്റ്റേഴ്‌സ് നടത്തേണ്ടതുള്ളൂ. ഇവരിൽ ആരെയെങ്കിലും ഒഴിവാക്കുകയാണെങ്കിൽ കൂടുതൽ സൈനിംഗുകൾ ടീമിന് വേണ്ടി വരും.

KBFCKerala Blasters
Comments (0)
Add Comment