കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വലിയ അഴിച്ചുപണികൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ടീം അടുത്ത സീസണിനു മുന്നോടിയായി കെട്ടുറപ്പുള്ളതാക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിനായി മികച്ച പ്രകടനം നടത്തിയ, അടുത്ത സീസണിലെ പദ്ധതികൾക്കും ആവശ്യമുള്ള താരങ്ങളെ മാത്രമേ ക്ലബ് നിലനിർത്തുന്നുള്ളൂ.
കഴിഞ്ഞ ദിവസങ്ങളിൽ ആറു താരങ്ങൾ ക്ലബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെ ടീമിന്റെ ഫുൾ ബാക്കായ നിഷു കുമാർ കൂടി ക്ലബ് വിടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020ൽ ബെംഗളൂരുവിൽ നിന്നും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിയ നിഷു കുമാർ ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമായിരുന്നു.
🥉💣 Nishu Kumar's journey with Kerala Blasters is over ❌ @IFTnewsmedia #KBFC pic.twitter.com/0YLwMPX6rl
— KBFC XTRA (@kbfcxtra) June 4, 2023
വിങ് ബാക്ക് പൊസിഷനുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ കണ്ടെത്തിയതാണ് നിഷു കുമാർ ക്ലബ് വിടാനുള്ള കാരണമായത്. നിഷു കുമാറിന് പുറമെ ഫുൾ ബാക്ക് പൊസിഷനുകളിൽ കളിച്ചിരുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖബ്റ, ജെസ്സൽ എന്നിവരും ക്ലബ് വിട്ടിരുന്നു. ഇതിനു പകരക്കാരനായി പ്രബീർ ദാസിന്റെ സൈനിങ് സ്ഥിരീകരിച്ച കേരള ബ്ലാസ്റ്റേഴ്സ് മറ്റു താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഫുൾ ബാക്ക് പൊസിഷനിലേക്ക് മോഹൻ ബഗാൻ താരമായ സുബാഷിഷ് ബോസ് എത്താനുള്ള സാധ്യതയുണ്ട്. ഇതിനു പുറമെ ഹൈദരാബാദ് താരമായ ആകാശ് മിശ്രയെയും ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നുണ്ട്. എന്തായാലും നിഷു കുമാർ ക്ലബ് വിടുന്നതോടെ അടുത്ത സീസണിൽ തന്റെ പദ്ധതികളിൽ മുഴുവൻ മാറ്റം വരുത്തി പുതിയൊരു ശൈലി അവലംബിക്കാനുള്ള പദ്ധതിയാണ് വുകോമനോവിച്ച് നടത്തുന്നതെന്ന് വ്യക്തമാണ്.
Nishu Kumar To Leave Kerala Blasters