നവംബർ 20 മുതൽ ഖത്തറിൽ വെച്ചു നടക്കുന്ന 2022 ലോകകപ്പിൽ പങ്കെടുക്കാൻ സ്പെയിനിലെ മാഡ്രിഡിൽ നിന്നും കാൽനടയായി യാത്ര പുറപ്പെട്ടയാളെ കാണാതായി. സ്‌പാനിഷ് പൗരനായ സാന്റിയാഗോ സാഞ്ചസ് കോഗഡോറിനെയാണ് ഒക്ടോബർ രണ്ടു മുതൽ കാണാനില്ലെന്ന വിവരം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഏതാണ്ട് നാൽപതിനായിരത്തോളം ഫോളോവെഴ്‌സുള്ള വ്യക്തിയാണ് സാന്റിയാഗോ സാഞ്ചസ്. ഒക്ടോബർ ഒന്നിന് അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തതിനു ശേഷം ഇദ്ദേഹത്തിൽ നിന്നും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒക്ടോബർ ഒന്നിന് വടക്കൻ ഇറാഖിലെ ഒരു ഗ്രാമത്തിൽ നിന്നുമുള്ള പോസ്റ്റിൽ അവിടെയുള്ള കുട്ടികളുമായി ഫുട്ബോൾ കളിച്ചതിന്റെയും ഒരു കുടുംബം ഭക്ഷണം കഴിക്കാൻ തന്നെ ക്ഷണിച്ചതിന്റെയും വിവരങ്ങളും ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
ഇറാൻ-ഇറാഖ് അതിർത്തിക്കടുത്തുള്ള കുർദിസ്ഥാനിൽ നിന്നുള്ള ചിത്രമാണ് സാന്റിയാഗോ സാഞ്ചസ് പങ്കു വെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ വെച്ചു തന്നെയാവും അദ്ദേഹത്തെ കാണാതായതെന്നാണ് ഇപ്പോഴത്തെ അനുമാനം. എല്ലാ ദിവസവും തന്റെ അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പുമായി ലൊക്കേഷൻ വിവരങ്ങൾ സാന്റിയാഗോ സാഞ്ചസ് പങ്കു വെച്ചിരുന്നു. ഏറ്റവും അവസാനം പങ്കിട്ട സന്ദേശം ഒക്ടോബർ 2നു സ്പെയിൻ സമയം 12.30നാണെന്ന് അടുത്ത സുഹൃത്തും കുടുംബത്തിന്റെ വക്താവും മാധ്യമങ്ങളോട് പറഞ്ഞു.
Spaniard walking to #Qatar for World Cup goes missing#qatar2022worldcup https://t.co/AJdyENZ00v
— The Peninsula Qatar (@PeninsulaQatar) October 22, 2022
ജനുവരി എട്ടിനാണ് സാന്റിയാഗോ സാഞ്ചസ് സ്പെയിനിൽ നിന്നും ഖത്തറിലേക്ക് കാൽനടയാത്ര ആരംഭിച്ചത്. യാത്രയുടെ വിവരങ്ങൾ ഇദ്ദേഹം ഇൻസ്റ്റഗ്രാം വഴി പങ്കു വെക്കുന്നുണ്ടായിരുന്നു. ഇറാനിലെ രാഷ്ട്രീയ അസ്ഥിരത മൂലം വിദേശിയായ അദ്ദേഹത്തെ അവിടെയുള്ള അധികാരികൾ പിടിച്ചു വെച്ചിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്ത് പറയുന്നത്. ഇറാനിലെ സ്പെയിൻ എംബസി അവിടത്തെ അധികാരികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്.