ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായി മാറുന്ന നോഹ സദോയി, ഈ സീസണിൽ പങ്കാളിയായത് പത്ത് ഗോളുകളിൽ

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയിൽ മികച്ച പ്രകടനം നടത്തിയ നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. പ്രതീക്ഷകളെ കാത്തു സൂക്ഷിക്കുന്ന പ്രകടനം നടത്താൻ താരത്തിന് കഴിയുന്നുമുണ്ട്.

കഴിഞ്ഞ ദിവസം നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയപ്പോൾ അതിൽ ടീമിന്റെ ഗോൾ നേടിയത് നോഹ സദോയി ആയിരുന്നു. ഇടതു വിങ്ങിൽ നിന്നും മുന്നേറി വന്നു ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലാണ് നോഹ വല കുലുക്കിയത്.

ഇതോടെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള നോഹയുടെ ഗോൾ പങ്കാളിത്തം പത്തെണ്ണമായി. ഡ്യൂറൻഡ് കപ്പിൽ ആറു ഗോളുകൾ നേടിയ താരം ഐഎസ്എല്ലിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ കണ്ടെത്തി. അതിനു പുറമെ ഡ്യൂറൻഡ് കപ്പിൽ രണ്ട് അസിസ്റ്റുകളും നോഹയുടെ പേരിലുണ്ട്.

എഫ്‌സി ഗോവയിൽ നടത്തിയതിനേക്കാൾ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നോഹ സദോയി കാണിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതേ പ്രകടനം തുടരാൻ കഴിഞ്ഞാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാനും അത് സഹായിക്കും.

കളിക്കളത്തിൽ വളരെ ഊർജ്ജസ്വലനായി താരം മുഴുവൻ സമയവും തുടരുന്നുണ്ടെന്നതും സന്തോഷമുള്ള കാര്യമാണ്. ഇന്നലത്തെ മത്സരത്തിൽ മൂന്നു കീ പാസുകൾ നോഹ നൽകിയിരുന്നു. മുന്നേറ്റനിരയിലെ മറ്റു താരങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചേനെ.

Noah Sadaoui
Comments (0)
Add Comment