ഖത്തർ ലോകകപ്പിനായി ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ അർജന്റീന ആരാധകർ വലിയ പ്രതീക്ഷയിലാണ്. പരിക്കിന്റെ തിരിച്ചടികൾ ഉണ്ടെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തോളമായി അപരാജിതരായി കുതിക്കുകയും കോപ്പ അമേരിക്ക അടക്കം രണ്ടു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്‌ത അർജന്റീന ഇത്തവണ കിരീടം സ്വന്തമാക്കുമെന്ന് നിരവധി പേർ ഉറച്ചു വിശ്വസിക്കുന്നു. മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസിക്കു വേണ്ടി അവസാനം വരെ പൊരുതാൻ തയ്യാറുള്ള താരങ്ങളുടെ സംഘം തന്നെയാണ് അർജന്റീനയുടെ കരുത്ത്.
അതേസമയം നിലവിൽ മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും ലോകകപ്പിലെ ടോപ് സ്‌കോറർ ലയണൽ മെസിയാകില്ലെന്നാണ് അർജന്റീനയുടെ മുൻ താരമായ ഡീഗോ മിലിറ്റോ പറയുന്നത്. അതേസമയം അർജന്റീനയുടെ തന്നെ താരമായിരിക്കും ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടം നേടുകയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ മുൻ ക്ലബായ ഇന്റർ മിലാനിൽ കളിക്കുന്ന അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ് ഇത്തവണത്തെ ലോകകപ്പിലെ ടോപ് സ്‌കോറർ സ്ഥാനം നേടുകയെന്നാണ് മിലിറ്റോ പറയുന്നത്.
അർജന്റീനിയൻ മാധ്യമമായ റേസിംഗ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മിലിറ്റോ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. “ലോകകപ്പിലെ ടോപ് സ്‌കോറർ ലൗടാരോ മാർട്ടിനസ് ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.” ഇന്ററിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള താരം പറഞ്ഞു. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളിൽ ലയണൽ മെസി കഴിഞ്ഞാൽ തന്റെ പ്രിയപ്പെട്ട താരം ലൗടാരോയാണെന്നും മിലിറ്റോ പറഞ്ഞു. അടുത്തിടെ ഇന്റർ മിലാനിൽ 62 ഗോളുകളെന്ന മിലിറ്റോയുടെ നേട്ടത്തിനൊപ്പം ലൗടാരോ എത്തിയിരുന്നു.
Diego Milito: “Which player do I think will be the World Cup top scorer? Lautaro Martínez.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2022
Diego Milito: “Which player do I like the most in National Team after Messi? Lautaro Martínez”
💙
pic.twitter.com/huqVKF3CIC
ഇരുപത്തിയഞ്ചു വയസുള്ള ലൗടാരോ മാർട്ടിനസ് അർജന്റീന ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ദേശീയ ടീമിനായി നാൽപതു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊന്ന് ഗോളുകൾ അടിച്ചുകൂട്ടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം നിലവിൽ അർജന്റീന ടീമിനൊപ്പം മെസി തന്നെയാണ് ഗോളുകൾ അടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. അർജന്റീനയുടെ അവസാനത്തെ നാല് കളികളിൽ നിന്നും ഒൻപതു ഗോളുകളാണ് താരം നേടിയിട്ടുളളത്. കോപ്പ അമേരിക്ക ടൂർണമെന്റിലെ ടോപ് സ്കോററും ഗോൾഡൻ ബോൾ ജേതാവും ലയണൽ മെസിയായിരുന്നു.