ഈ ടീമിനോടേറ്റു മുട്ടിയാൽ നമ്മുടെ ഗതി എന്തായിരിക്കും, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിച്ച് ഒഡിഷ എഫ്‌സിയുടെ വിജയം | Odisha FC

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ അഞ്ചാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. വെള്ളിയാഴ്‌ച സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എതിരാളികൾ. ഈ സീസണിലിതു വരെ സ്വന്തം മൈതാനത്ത് മൂന്നു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല. മൂന്നു മത്സരങ്ങളിൽ ആദ്യത്തെ രണ്ടെണ്ണത്തിലും വിജയം സ്വന്തമാക്കിയ അവർ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സമനില വഴങ്ങി.

ഒഡിഷ എഫ്‌സിക്കെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ചുള്ള പ്രധാന ആശങ്ക താരങ്ങളുടെ പരിക്കും വിലക്കുമാണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു ശേഷം വിലക്ക് കിട്ടിയ മിലോസും പ്രബീർ ദാസും രണ്ടു മത്സരങ്ങളിൽ കൂടി ടീമിനൊപ്പമുണ്ടാകില്ല. അതിനു പുറമെ പരിക്കിന്റെ പിടിയിലായി ഈ സീസൺ മുഴുവൻ നഷ്‌ടമാകുന്ന ഐബാനു പുറമെ ജീക്സൺ സിങ്, ലെസ്‌കോവിച്ച് എന്നിവരും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.

കഴിഞ്ഞ മത്സരത്തിൽ ഈ താരങ്ങൾ ഇല്ലാതെയും മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും ഒഡിഷ എഫ്‌സി കഴിഞ്ഞ മത്സരത്തിൽ നേടിയ വിജയം അതുപോലെ തന്നെ ചെറിയ ആശങ്കയും നൽകുന്നുണ്ട്. ഇന്നലെ എഎഫ്‌സി കപ്പിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സി ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മാലിദ്വീപിൽ നിന്നുള്ള ക്ലബായ മാസിയയെയാണ്‌ ഒഡിഷ എഫ്‌സി സ്വന്തം മൈതാനത്ത് തകർത്തു വിട്ടത്.

ഇന്നലെ എഎഫ്‌സി കപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഐഎസ്എല്ലിലെ കരുത്തരായ മോഹൻ ബഗാൻ ബംഗ്ലാദേശിൽ നിന്നുള്ള ബാഷുന്ധര എഫ്‌സിയോട് സമനില വഴങ്ങിയിരുന്നു. ഈ ബാഷുന്ധര എഫ്‌സി ഇത്തവണത്തെ എഎഫ്‌സി കപ്പിൽ തോൽവി വഴങ്ങിയ ഒരേയൊരു ടീമാണ് മാസിയ. അവരെയാണ് ഒഡിഷ സ്വന്തം മൈതാനത്ത് തകർത്തു വിട്ടത്. ഇത് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ഒഡീഷയെ സഹായിക്കുമെന്നതിൽ സംശയമില്ല.

അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട പ്രതീക്ഷ സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെന്നാണ്. എതിർടീമിനെ പൂർണമായും തകർക്കാനുള്ള ചാന്റുകൾ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രയോഗിക്കാറുണ്ട്. എങ്കിലും സെന്റർ ബാക്കുകളായി ഇന്ത്യൻ താരങ്ങൾ മാത്രമേയുള്ളൂ എന്നതും ഏതെങ്കിലും താരത്തിന് പരിക്കേൽക്കുകയോ മറ്റോ ചെയ്‌താൽ ബാക്കപ്പുകളുടെ അഭാവമുണ്ടെന്നതും ടീമിന് ആശങ്ക തന്നെയാണ്.

Odisha FC Big Win In AFC Cup Concern For Kerala Blasters

AFC CupIndian Super LeagueISLKBFCKerala BlastersOdisha FC
Comments (0)
Add Comment