ഖത്തർ ലോകകപ്പിനു ശേഷം അതുവരെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല കളിക്കളത്തിൽ കണ്ടിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടെങ്കിലും അതൊന്നും അവരെ ബാധിച്ചിരുന്നില്ല. അതിനു ശേഷം നടന്ന ഏഴു മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ടീമിന് പക്ഷ ഇന്നലെ അടിതെറ്റി. ക്രിസ്റ്റൽ പാലസാണ് ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് അവസാനമിട്ടത്.
മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്സൺ നീട്ടിയ പന്ത് വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം പോർച്ചുഗൽ താരം പങ്കാളിയാകുന്ന നൂറാമത്തെ ഗോൾ കൂടിയായിരുന്നു അത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ മേധാവിത്വം പുളത്തിയതിനാൽ തുടർച്ചയായ എട്ടാമത്തെ മത്സരത്തിലും അവർ തന്നെ വിജയം നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിൽ ഒലീസെ എടുത്ത ഫ്രീ കിക്ക് അവരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി. റൈറ്റ് വിങ്ങിൽ ബോക്സിന്റെ എഡ്ജിന്റെ കുറച്ചപ്പുറത്ത് നിന്നും താരമെടുത്ത ഫ്രീകിക്ക് ഗോൾപോസ്റ്റിന്റെ ടോപ് കോർണറിലേക്ക് പറന്നിറങ്ങിയപ്പോൾ ഡി ഗിയയുടെ ഫുൾ ലെങ്ത്ത് ഡൈവിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയും മനോഹരമായ സമനില ഗോൾ നേടിയിട്ടും ഒലീസേ കാര്യമായി ആഘോഷിച്ചില്ലെന്നതും ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു.
Beautiful goal by Olise pic.twitter.com/VCjLUH3TNe
— Natan (@NatanMaleczek) January 18, 2023
മത്സരത്തിൽ സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നിൽ കടക്കാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾ ഇല്ലാതായി. രണ്ടു ടീമുകൾക്കും ഇപ്പോൾ 39 പോയിന്റാണുള്ളത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി യുണൈറ്റഡിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയെപ്പോലെ തന്നെ ഒരു മത്സരം കുറവ് കളിച്ച ആഴ്സണൽ 47 പോയിന്റുമായി വളരെ മുന്നിലാണ്.