ഒരുമിച്ചു നമ്മൾ കിരീടം സ്വന്തമാക്കും, ആരാധകർക്ക് ഉറപ്പു നൽകി നോഹയും ജീസസും

പുതിയ ഐഎസ്എൽ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ജേഴ്‌സി അവതരിപ്പിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. കൊച്ചിയിലെ ലുലു മോളിൽ വെച്ചു നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. നോഹ സദോയി, ജീസസ് ജിമിനസ് തുടങ്ങിയ താരങ്ങൾ ആരാധകരെ അഭിമുഖീകരിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിയ താരങ്ങളാണ് നോഹയും ജീസസും. നോഹ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കഴിവ് തെളിയിച്ചെങ്കിൽ ജീസസ് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങിയിട്ടില്ല. അതേസമയം ഇന്നലെ സംസാരിക്കുമ്പോൾ ഈ സീസണിൽ കിരീടം സ്വന്തമാക്കാൻ പരമാവധി ശ്രമിക്കുമെന്ന ഉറപ്പ് ഈ താരങ്ങൾ നൽകി.

“ടീമിന് നൽകിയത് മനോഹരമായ വരവേൽപ്പായിരുന്നു. അതുപോലെയൊരു വരവേൽപ്പ് നൽകിയതിന് വളരെ നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് എന്തെങ്കിലും സ്വന്തമാക്കുമെന്ന് ഉറപ്പാണ്.” അമേരിക്കൻ ലീഗിൽ കളിച്ച പരിചയസമ്പത്തുള്ള ജീസസ് ജിമിനെസ് ആരാധകരോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

“ഒറ്റക്കെട്ടായുള്ള ഒരു ടീമാണ് നമുക്ക് എന്തെങ്കിലുമൊക്കെ നേടാൻ ആവശ്യമായിട്ടുള്ളത്. ആരാധകർ എന്നെയും മറ്റുള്ള താരങ്ങളെയും പൂർണമായും വിശ്വസിക്കുന്നതിൽ ഒരു അഭിമാനം തന്നെയാണ്. എനിക്കതിൽ വളരെ സന്തോഷമുണ്ട്. ഒരുമിച്ച് നമുക്ക് കിരീടം സ്വന്തമാക്കാൻ ശ്രമിക്കാം.” മൊറോക്കൻ താരമായ നോഹ സദോയി പറഞ്ഞു.

ഐഎസ്എൽ സീസണിന് മുന്നോടിയായി പുതിയതായി ലീഗിലേക്ക് എത്തിയ മൊഹമ്മദൻസുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദമത്സരം കളിച്ചിരുന്നു. അതിൽ മികച്ച വിജയം നേടിയത് ടീമിന് പ്രതീക്ഷയാണ്. ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം പഞ്ചാബ് എഫ്‌സിക്കെതിരെയാണ്.

Jesus JimenezKerala BlastersNoah Sadaoui
Comments (0)
Add Comment