ഖത്തർ ലോകകപ്പിൽ അർജന്റീന ഐതിഹാസികമായി കിരീടം സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമായ താരമാണ് അലസാൻഡ്രോ ഗോമസെന്ന പപ്പു ഗോമസ്. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ താരം ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ പിന്നീട് മാക് അലിസ്റ്റർക്ക് വഴിമാറി കൊടുക്കേണ്ടി വന്നു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലും താരം കളിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ സ്‌പാനിഷ് ക്ലബായ സെവിയ്യയിലാണ് പപ്പു ഗോമസ് കളിച്ചിരുന്നത്. അവസരങ്ങൾ കുറവായിരുന്നെങ്കിലും സെവിയ്യ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയതിലും താരം പങ്കാളിയായിരുന്നു. 2024 വരെ സെവിയ്യയുമായി കരാറുണ്ടായിരുന്ന താരം അപ്രതീക്ഷിതമായാണ് അത് റദ്ദാക്കുന്നത്. ക്ലബും താരവും പരസ്‌പരധാരണയോടെയാണ് അതു ചെയ്‌തത്. അതിനു ശേഷം മറ്റു ക്ലബുകളുടെ ഓഫർ കാത്തിരുന്ന താരത്തിന് ഇതുവരെയും അതു ലഭിച്ചിട്ടില്ല. ഇപ്പോൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഗോമസ് സംസാരിക്കുന്നത്.
Papu Gomez: “I'm waiting for the right opportunity. If it doesn't arrive, I could consider retiring. I gave everything for football and I don't want to end up bitter.”
“Looking back and realizing that I won a World Cup is still surreal. It makes me realize that all the hard work… pic.twitter.com/fZgpK9obah
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 23, 2023
“ഞാൻ സെവിയ്യയിലാണ് ഇപ്പോഴുമുള്ളത്. ശരിയായ ഒരു അവസരം വരുന്നത് വരെ ഈ നഗരം ആസ്വദിക്കുകയാണ്. അതൊരിക്കലും വന്നില്ലെങ്കിൽ ഞാൻ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കും. ഞാൻ ഫുട്ബോളിനായി എല്ലാം നൽകിയതിനാൽ കയ്‌പ്പേറിയ അനുഭവവുമായി അവസാനിപ്പിക്കാൻ താൽപര്യമില്ല. ലോകകപ്പ് നേടിയത് അത്ഭുതമായി തോന്നുന്നു. ഞാൻ നടത്തിയ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലം തിരിച്ചു കിട്ടിയെന്നാണ് കരുതുന്നത്.” ഗോമസ് പറഞ്ഞു.
🇦🇷 Papu Gomez, still available as free agent.
"I'm waiting for the right opportunity. If it doesn't arrive, I could consider retiring. I gave everything for football and I don't want to end up bitter". pic.twitter.com/PYZOBTBiXz
— Fabrizio Romano (@FabrizioRomano) September 23, 2023
ഇറ്റാലിയൻ ക്ലബായ അറ്റലാന്റക്ക് വേണ്ടി കളിക്കുന്ന സമയത്താണ് അലസാൻഡ്രോ ഗോമസ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. 2019/20 സീസണിൽ സീരി എയിൽ ഏഴു ഗോളുകളും പതിനാറ് അസിസ്റ്റുകളും ഗോമസ് സ്വന്തമാക്കിയിരുന്നു. അതിനു മുൻപുള്ള സീസണിൽ ഏഴു ഗോളും പതിനൊന്ന് അസിസ്റ്റും സ്വന്തമാക്കിയ താരം 2020/21 സീസണിനിടെ പരിശീലകനുമായി ഉടക്കി ഇറ്റാലിയൻ ക്ലബ് വിട്ട് സെവിയ്യയിലേക്ക് ചേക്കേറി. സെവിയ്യയിൽ പക്ഷെ ഈ മികവ് ആവർത്തിക്കാൻ താരത്തിനായില്ല.
അറ്റ്ലാന്റയിലേക്ക് വീണ്ടും ചേക്കേറാൻ പപ്പു ഗോമസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബ് നേതൃത്വം അതിനോട് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പിന് ശേഷം അർജന്റീന ടീമിലും അവസരങ്ങൾ ഇല്ലാത്ത മുപ്പത്തിയഞ്ചുകാരനായ താരം ക്ലബ്ബിനെ കണ്ടെത്താൻ വൈകുന്നതിനാൽ ഇനി ദേശീയ ടീമിലും കളിക്കാൻ സാധ്യതയില്ല. സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും ലഭിച്ചിട്ടില്ല.
Papu Gomez Hints About Retirement