സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെയാണ് സൗദി അറേബ്യൻ ക്ലബുകൾ സ്വന്തമാക്കിയത്. യൂറോപ്പിൽ നിന്നുള്ള നിരവധി സൂപ്പർതാരങ്ങൾ ഒന്നിനു പുറകെ ഒന്നായി സൗദി അറേബ്യയിലേക്ക് ചേക്കേറി. എന്നാൽ അതിനു വിഭിന്നമായി പെരുമാറിയത് അർജന്റീന താരങ്ങളായിരുന്നു. ഏതാണ്ട് പത്തോളം അർജന്റീന താരങ്ങൾക്ക് വേണ്ടി സൗദി അറേബ്യയിലെ വിവിധ ക്ലബുകൾ ശ്രമം നടത്തിയെങ്കിലും അവരെല്ലാം ട്രാൻസ്ഫർ നിഷേധിച്ച് യൂറോപ്പിൽ തന്നെ തുടരാനുള്ള തീരുമാനമെടുത്തു.
എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി അറേബ്യ ആദ്യത്തെ അർജന്റീന താരത്തെ സ്വന്തമാക്കാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം അർജന്റീന മധ്യനിര താരമായ പപ്പു ഗോമസാണ് സൗദി അറേബ്യയിലേക്ക് ചേക്കേറാൻ പോകുന്നത്. താരം തന്റെ ക്ലബായ സെവിയ്യയുമായുള്ള കരാർ ഇതിനു വേണ്ടി പരസ്പരധാരണയോടെ റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
(🌕) Papu Gomez has terminated his contract with Sevilla, per @relevo and @FabrizioRomano — He is in negotiations with Saudi Arabian club. @gastonedul @CLMerlo 🇸🇦 pic.twitter.com/FwyNFXggO7
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 1, 2023
2024 വരെ കരാർ ബാക്കി നിൽക്കെയാണ് പപ്പു ഗോമസ് പരസ്പരധാരണയോടെ കരാർ റദ്ദു ചെയ്തത്. അതേസമയം മുപ്പത്തിയഞ്ചുകാരനായ താരത്തിനായി ഏതു സൗദി ക്ലബാണ് ശ്രമം നടത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്പിലെ ട്രാൻസ്ഫർ ജാലകം അടച്ചെങ്കിലും സൗദി അറേബ്യൻ ട്രാൻസ്ഫർ വിൻഡോ സെപ്തംബറിലും തുടരുമെന്നതിനാൽ ഫ്രീ ഏജന്റായ പപ്പു ഗോമസിനെ സ്വന്തമാക്കാൻ അവിടെയുള്ള ക്ലബുകൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
സൗദി അറേബ്യയിലേക്കല്ലെങ്കിൽ പപ്പു ഗോമസ് തന്റെ മുൻ ക്ലബായ അറ്റ്ലാന്റയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അറ്റ്ലാന്റയിൽ മുൻപ് മികച്ച പ്രകടനം നടത്തിയ താരത്തിന് സ്പെയിനിൽ എത്തിയതിനു ശേഷം തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ അർജന്റീന കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നേടിയ മൂന്നു കിരീടത്തിലും താരം പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ പുതിയ അർജന്റീന സ്ക്വാഡിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
Papu Gomez Terminate Sevilla Contract