കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാമെന്ന് ഡി മരിയ കരുതേണ്ട, താരത്തെ ടീമിനൊപ്പം നിലനിർത്താൻ ശ്രമിക്കുമെന്ന് പരഡെസ് | Di Maria

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക ഫൈനലിൽ താരം നേടിയ വിജയഗോളും ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ താരം നടത്തിയ പ്രകടനവും ആരും മറക്കാനുള്ള സാധ്യതയില്ല. അതിനു പുറമെ ഫൈനലൈസിമ പോരാട്ടത്തിലും ഡി മരിയ ഗോൾ നേടിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അർജന്റീന ടീമിന്റെ ഭാഗ്യതാരം കൂടിയാണ് ഡി മരിയ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എന്നാൽ ഏഞ്ചൽ ഡി മരിയ തന്നെ വെളിപ്പെടുത്തിയത് പ്രകാരം അർജന്റീന ദേശീയ ടീമിൽ താരത്തിന്റെ നാളുകൾ അവസാനിക്കാനുള്ള സമയം അടുത്തിട്ടുണ്ട്. താരം പറയുന്നത് പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കാനാണ് ഡി മരിയ ഒരുങ്ങുന്നത്. ദേശീയ ടീമിനൊപ്പം അതിനു ശേഷവും തുടരാൻ ശാരീരികമായി തനിക്ക് കഴിയുമെന്നു തോന്നുന്നില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.

എന്നാൽ ഏഞ്ചൽ ഡി മരിയയെ ദേശീയ ടീമിൽ നിന്നും അത്ര പെട്ടന്ന് വിട്ടുകളയാൻ സഹതാരങ്ങൾ ഒരുക്കമല്ല. കഴിഞ്ഞ ദിവസം അർജന്റീന മധ്യനിര താരമായ ലിയാൻഡ്രോ പരഡെസിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “അർജന്റീനയിൽ ഡി മരിയയുടെ അവസാന മത്സരമായിരിക്കുമോ ഇതെന്നാണോ അറിയേണ്ടത്? കോപ്പ അമേരിക്കക്ക് ശേഷവും താരത്തെ അർജന്റീന ടീമിൽ നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും.” നിലവിൽ റോമയിൽ കളിക്കുന്ന താരം പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം മെസിയും ഡി മരിയയും ദേശീയ ടീമിനോട് വിടപറയുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ലോകചാമ്പ്യന്മാർ എന്ന നിലയിൽ ദേശീയ ടീമിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഇരുവരും തുടരുകയായിരുന്നു. അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയിൽ കളിക്കുന്നതിനു വേണ്ടിയാണ് സൗദിയിൽ നിന്നും വമ്പൻ ഓഫറുകൾ തഴഞ്ഞ് ഡി മരിയ യൂറോപ്പിൽ തുടർന്നത്. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ കളിക്കുന്ന താരം മികച്ച പ്രകടനമാണ് നടത്തുന്നത്.

കോപ്പ അമേരിക്കക്ക് ശേഷം ലയണൽ മെസിയും വിരമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം അർജന്റീന സഹതാരം നിക്കോളാസ് ടാഗ്ലിയാഫിക്കോ വ്യക്തമാക്കിയിരുന്നു. കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയാൽ ലയണൽ മെസി അടുത്ത ലോകകപ്പ് വരെ തുടരുമെന്നാണ് താരം പറഞ്ഞത്. ഇപ്പോൾ ദേശീയ ടീമിലെ ഏറ്റവും മികച്ച താരമായ മെസി തുടരണം എന്നു തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്.

Parades Will Try To Convince Di Maria To Continue With Argentina

Angel Di MariaArgentinaLeandro Paredes
Comments (0)
Add Comment