ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ധൈര്യം കാണിച്ചേ മതിയാകൂ, പരിക്കേറ്റു പുറത്തായതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച താരമാണ് ഗോൾകീപ്പറായ സോം കുമാർ. സ്ലോവേനിയൻ ക്ലബിൽ കളിച്ചിരുന്ന താരത്തെ എത്തിച്ചതിലൂടെ ഗോൾകീപ്പിങ് ഡിപ്പാർട്മെന്റ് മികച്ചതാക്കാൻ ടീമിന് കഴിഞ്ഞിരുന്നു. സച്ചിൻ സുരേഷ് പരിക്കിന്റെ പിടിയിലായതും താരത്തെ ടീമിലെത്തിക്കാനുള്ള കാരണമായിരുന്നു.

കഴിഞ്ഞ സീസണിൽ പ്രധാന ഗോൾകീപ്പറായിരുന്ന സച്ചിൻ സുരേഷിന് പകരം സോം കുമാറിനെയാണ് മൈക്കൽ സ്റ്റാറെ കൂടുതൽ പരിഗണിച്ചിരുന്നത്. എന്നാൽ ബെംഗളൂരുവിനെതിരായ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ ഒരു ഗോൾശ്രമം പ്രതിരോധിച്ചതിനു പിന്നാലെ കൂട്ടിയിടിച്ചു വീണു താരത്തിന് പരിക്കേൽക്കുകയും മൈതാനം വിടേണ്ടി വരികയും ചെയ്‌തിരുന്നു.

പരിക്കേറ്റ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. എന്നാൽ ഐഎസ്എൽ സീസൺ തുടങ്ങും മുൻപ് സോം കുമാർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ മത്സരത്തിൽ തന്നെ തുടർന്ന് കളിക്കാൻ താൻ തയ്യാറായിരുന്നു എന്നാണു കഴിഞ്ഞ ദിവസം സോം കുമാർ പറയുന്നത്. എന്നാൽ ടീം ഫിസിയോസ് അതിനു അനുവദിച്ചില്ലെന്നും താരം വ്യക്തമാക്കി.

“എഴുന്നേൽക്കാനും മത്സരത്തിൽ തന്നെ തുടരാനുമാണ് ഞാൻ ആദ്യം ശ്രമിച്ചത്. എന്നാൽ മുറിവ് വളരെ ആഴമേറിയ ഒന്നാണെന്നും കളിക്കാൻ കഴിയില്ലെന്നും ഫിസിയോസ് അറിയിച്ചു. ഗോളാകാൻ സാധ്യതയുള്ള സാഹചര്യമായിരുന്നു അത്. പന്ത് എന്റെ ഏരിയയിൽ ആയതിനാൽ തന്നെ ധൈര്യപൂർവം മുന്നോട്ടു പോയി തടയേണ്ടത് അനിവാര്യമായ കാര്യമായിരുന്നു.” സോം കുമാർ പറഞ്ഞു.

ബെംഗളൂരു താരവുമായി തല കൂട്ടിയിടിച്ചു വീണ സോം കുമാറിന്റെ ചികിത്സ പൂർത്തിയായി. ഇനി തിരിച്ചുവരാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. സ്ലോവേനിയൻ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരം ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതിനു മുൻപ് തിരിച്ചു വരുമെന്നും ഈ സീസണിൽ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala BlastersSom Kumar
Comments (0)
Add Comment